ഉത്തരവ് പാലിക്കാത്തത് യു.പി. സർക്കാരിന്റെ പതിവായി മാറി -സുപ്രീംകോടതി


സുപ്രീം കോടതി | ഉണ്ണികൃഷ്ണൻ പി.ജി

ന്യൂഡൽഹി: കോടതിയുത്തരവ് പാലിക്കാതിരിക്കുന്നത് ഉത്തർപ്രദേശ് സർക്കാർ പതിവാക്കിയിരിക്കുകയാണെന്ന് സുപ്രീംകോടതി.

ഉദ്യോഗസ്ഥർക്കെതിരേ കോടതിയലക്ഷ്യനടപടി തുടങ്ങുമ്പോഴാണ് യു.പി. എത്തുന്നതെന്നും സംസ്ഥാനസർക്കാരിനോട് സുപ്രീംകോടതി പറഞ്ഞു. എൺപത്തിരണ്ടുകാരനായ കോവിഡ് രോഗിയെ ആശുപത്രിയിൽനിന്ന് കാണാതായതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം.

പിതാവിനെ കാണാതായതിനെത്തുടർന്ന് മകൻ അലഹാബാദ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചിരുന്നു. തുടർന്ന് മേയ് ആറിന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കണമെന്ന് ഏപ്രിൽ 25-ന് ഹൈക്കോടതി ഉത്തരവിട്ടു. അല്ലാത്തപക്ഷം ഉദ്യോഗസ്ഥർ നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും നിർദേശിച്ചു. ഇതിനെതിരേ യു.പി.സർക്കാരും എട്ടു ഉദ്യോഗസ്ഥരും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

നടക്കാൻ സാധിക്കാത്ത എൺപത്തിണ്ടുകാരൻ എങ്ങോട്ടുപോകാനാണെന്ന് സുപ്രീംകോടതി ചോദിച്ചു. അദ്ദേഹം ജീവനോടെയുണ്ടെന്നതിന് തെളിവില്ലെന്ന് യു.പി. സർക്കാരിനുവേണ്ടി ഹാജരായ ഗരിമ പ്രസാദ് പറഞ്ഞു. മൃതദേഹം മറ്റു മൃതദേഹങ്ങൾക്കൊപ്പം സംസ്കരിച്ചിട്ടുണ്ടാകാം. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തു. ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു, നഴ്‌സുമാരെ പുറത്താക്കി. കോടതി നിർദേശിച്ചാൽ നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്നും ഗരിമ പ്രസാദ് ചൂണ്ടിക്കാട്ടി.

തുടർന്ന് ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസയച്ച സുപ്രീംകോടതി ഹൈക്കോടതിയുടെ തുടർനടപടികൾ സ്റ്റേചെയ്തു. പരാതിക്കാർക്ക് അരലക്ഷം രൂപ കേസ് നടത്തിപ്പുചെലവിനായി സംസ്ഥാനസർക്കാർ നൽകണമെന്നും ആവശ്യപ്പെട്ടു.

Content Highlights: supreme court against Uttar Pradesh government

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..