പ്രതീകാത്മകചിത്രം | Photo: Mathrubhumi
ന്യൂഡല്‍ഹി: കേരളത്തിലെ തെരുവുനായ പ്രശ്നത്തില്‍ പരിഹാരം കണ്ടേ മതിയാവൂയെന്ന് സുപ്രീംകോടതി. പേ പിടിച്ചതും അക്രമകാരികളുമായ പട്ടികളെ എന്ത് ചെയ്യണമെന്നതുസംബന്ധിച്ച് ഈമാസം 28-ന് ഇടക്കാല ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാനത്തെ തെരുവുനായ പ്രശ്നത്തെക്കുറിച്ച് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
പ്രശ്നത്തിന് പരിഹാരം കാണാനുള്ള ഇടക്കാല ഉത്തരവ് എന്തായിരിക്കണമെന്നത് സംബന്ധിച്ച് കേസിലെ കക്ഷികള്‍ക്ക് മൂന്നു പേജില്‍ കവിയാതെ എഴുതി നല്‍കാനും പുതിയ ഹര്‍ജിക്കാര്‍ക്ക് കക്ഷിചേരാനും അനുമതി നല്‍കി. മൃഗങ്ങളുടെ ജനന നിയന്ത്രണച്ചട്ടം പാലിച്ചുകൊണ്ടും ജനങ്ങളുടെ പ്രയാസം കണക്കിലെടുത്തുകൊണ്ടുമുള്ള പരിഹാരമാണ് ഉദ്ദേശിക്കുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു. തെരുവുനായകളെ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവയെ പ്രത്യേക കേന്ദ്രത്തിലാക്കുകയോ മറ്റോ ചെയ്യാം. അതിന്റെ ഉത്തരവാദിത്വം അവരേറ്റെടുക്കണം. എന്നാല്‍, മൃഗങ്ങളെ പിടിച്ചുകൊണ്ടുപോകുമ്പോഴും മറ്റും വലിയ എതിര്‍പ്പുണ്ടാവാനിടയുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് അടിയന്തരമായി ഇടപെടണമെന്ന് കേരളത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരിയും സ്റ്റാന്‍ഡിങ് കോണ്‍സെല്‍ സി.കെ. ശശിയും ആവശ്യപ്പെട്ടു. വാക്സിന്‍ സ്വീകരിച്ച കുട്ടിപോലും മരിച്ചുവെന്നും കേരളത്തിലെ സ്ഥിതി അതിഗുരുതരമാണന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. വി.കെ. ബിജു ചൂണ്ടിക്കാട്ടി. സിരിജഗന്‍ കമ്മിറ്റിയോട് റിപ്പോര്‍ട്ട് തേടണമെന്ന ബിജുവിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.
Content Highlights: supreme court ruling on stray dog issue on september 28
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..