വൺ റാങ്ക് വൺ പെൻഷൻ; കേന്ദ്രനയം സുപ്രീംകോടതി ശരിവെച്ചു


* 2019 ജൂലായ് ഒന്നുമുതലുള്ള റീഫിക്‌സേഷൻ നടത്തണം * മൂന്നുമാസത്തിനകം കുടിശ്ശിക നൽകണം

സുപ്രീംകോടതി |ഫോട്ടോ:ANI

ന്യൂഡൽഹി: സൈനികർക്ക് ‘ഒരു റാങ്ക്, ഒരു പെൻഷൻ’ നടപ്പാക്കിയ കേന്ദ്രനയം സുപ്രീംകോടതി ശരിവെച്ചു. അത് ഭരണഘടനാവിരുദ്ധമോ ഏകപക്ഷീയമോ അല്ല. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ കോടതി ഇടപെടില്ലെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗബെഞ്ച് വിധിച്ചു.

സുപ്രീംകോടതിയിൽ കേസ് നടക്കുന്നതിനാൽ അഞ്ചുവർഷത്തിലൊരിക്കൽ ചെയ്യേണ്ട പെൻഷൻ പുനർനിശ്ചയം (റീഫിക്‌സേഷൻ) മുടങ്ങിയിരുന്നു. 2019 ജൂലായ് ഒന്നു മുതലുള്ള റീഫിക്‌സേഷൻ നടത്തി കുടിശ്ശിക മൂന്നുമാസത്തിനകം നൽകാനും സുപ്രീംകോടതി വിധിച്ചു. ഇന്ത്യൻ എക്സ് സർവീസ്‌മെൻ മൂവ്‌മെന്റ് ഉൾപ്പെടെയുള്ള സംഘടനകളുടെ ഹർജിയിലാണ് നടപടി.

ഒരേറാങ്കും ഒരേ സേവനകാലാവധിയുമുള്ള വിമുക്തഭടർക്കെല്ലാം വിരമിക്കൽതീയതി ഏതായാലും ഒരേ പെൻഷൻ നൽകുന്നതാണ് വൺ റാങ്ക് വൺ പെൻഷൻ പദ്ധതി. സർക്കാർനയപ്രകാരം പെൻഷൻ നിശ്ചയിക്കുമ്പോൾ ഒരേ റാങ്കും സേവന കാലാവധിയുമുള്ളവർക്കിടയിൽതന്നെ വ്യത്യസ്ത പെൻഷനാണ് വരുന്നതെന്നാണ് ഹർജിക്കാർ വാദിച്ചത്. പദ്ധതി നടപ്പാക്കിയപ്പോൾ നേരത്തേ വിഭാവനംചെയ്തിരുന്ന നയത്തിൽ മാറ്റംവരുത്തിയെന്നും അവർ ആരോപിച്ചു. എന്നാൽ ഒരേ റാങ്കിലുള്ളവരെയെല്ലാം ഒരേവിഭാഗമായി പരിഗണിച്ച് ഒരേ പെൻഷൻ നൽകിയിരിക്കണമെന്ന് നിർബന്ധമൊന്നുമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

സർക്കാർനയപ്രകാരം അഞ്ചുവർഷത്തിലൊരിക്കലാണ് പെൻഷൻ പുനർനിശ്ചയിക്കുന്നത്. അതിനുപകരം ഭഗത് സിങ് കോഷിയാരി കമ്മിറ്റി ശുപാർശ ചെയ്തതുപോലെ പെൻഷൻ പുനർനിശ്ചയിക്കുന്നതിന് ‘ഓട്ടോമാറ്റിക് റീഫിക്‌സേഷൻ’ രീതി നടപ്പാക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. എന്നാൽ സർക്കാർനയത്തിൽ ഇടപെടില്ലെന്ന് കോടതി പറഞ്ഞു.

ഒരുവിഭാഗത്തിന്റെ പെൻഷൻ ഓട്ടോമാറ്റിക്കായും മറ്റൊരുവിഭാഗത്തിന്റേത് നിശ്ചിത കാലാവധിയിലും (അഞ്ചുവർഷത്തിലൊരിക്കൽ) നിശ്ചയിക്കുന്നുവെന്ന വാദം ഹർജിക്കാർക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പെൻഷൻ കണക്കാക്കുന്നതിന്റെ അടിസ്ഥാനശമ്പളം നിശ്ചയിക്കുന്നതിനാണ് കട്ട് ഓഫ് തീയതി നിശ്ചയിച്ചത്. 2014-ന് ശേഷം വിരമിച്ചവർക്ക് അവസാനംലഭിച്ച ശമ്പളത്തിന്റെ അടിസ്ഥാനത്തിലും അതിനു മുൻപുള്ളവർക്ക് 2013-ലെ ശരാശരി ശമ്പളത്തിന്റെ അടിസ്ഥാനത്തിലുമാണ് പെൻഷൻ കണക്കാക്കുന്നത്.

അവസാനം വാങ്ങിയ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ കണക്കാക്കുന്നത് വളരേമുൻപ് വിരമിച്ചവർക്ക് ദോഷം ചെയ്യുമെന്നതിനാലാണ് അടിസ്ഥാനശമ്പളം വർധിപ്പിച്ചുകൊണ്ട് പെൻഷൻ നിശ്ചയിക്കാൻ സർക്കാർ നയപരമായ തീരുമാനമെടുത്തതെന്ന് കോടതി പറഞ്ഞു. ശരാശരിയുടെ അടിസ്ഥാനത്തിൽ പെൻഷൻ നിശ്ചയിക്കാനാണ് സർക്കാർ തീരുമാനിച്ചത്. അപ്പോൾ അതിന് താഴെയുള്ളവർ ശരാശരിയിലേക്ക് ഉയരുകയും മുകളിലുള്ളവരെ അതുപോലെ നിലനിർത്തുകയും ചെയ്തു. ഇത് സർക്കാരിന്റെ നയപരമായ തീരുമാനത്തിൽവരുന്ന കാര്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Content Highlights: Supreme Court Upholds Centre's OROP Policy In Defence Forces

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..