ഡ്രൈവിങ് സീറ്റിൽ വൈ.എസ്. ഷർമിള; കാർ ക്രെയിനുപയോഗിച്ച് വലിച്ചുനീക്കി തെലങ്കാന പോലീസ്


ഷർമിള

ഹൈദരാബാദ്: വൈ.എസ്.ആർ. തെലങ്കാന പാര്‍ട്ടി അധ്യക്ഷ വൈ.എസ്. ശർമിള സഞ്ചരിച്ച കാർ തെലങ്കാന പോലീസ് ക്രെയിൻ ഉപയോഗിച്ച് നീക്കി. ഇവർ തനിയെ കാറോടിച്ചു വരുമ്പോഴായിരുന്നു സംഭവം.

ശർമിള നയിക്കുന്ന പദയാത്ര തിങ്കളാഴ്ച വാറങ്കലിലെത്തിയപ്പോള്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയുടെ (ടി.ആർ.എസ്.) പ്രവർത്തകരുമായി സംഘർഷമുണ്ടായിരുന്നു. ഇതിൽ പ്രതിഷേധമറിയിക്കാൻ ചൊവ്വാഴ്ച തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ വീട്ടിലേക്കു പോകുമ്പോഴാണ് പോലീസ് നടപടിയുണ്ടായത്.

രാജ്ഭവൻ റോഡിൽ മുഖ്യമന്ത്രിയുടെ വീടിന് അടുത്തുവെച്ചാണ് പോലീസ് ശർമിളയെ തടഞ്ഞ് അറസ്റ്റുചെയ്തത്. കാറിൽനിന്നു പുറത്തിറങ്ങാൻ കൂട്ടാക്കാതിരുന്നപ്പോഴായിരുന്നു പോലീസ് ക്രെയിൻ ഉപയോഗിച്ചത്. കാർ പൊക്കി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ടി.ആർ.എസ്. പ്രവർത്തകർ തകർത്ത തന്റെ കാർ കാണിക്കാൻ പോകുമ്പോഴാണ് പോലീസ് തടഞ്ഞതെന്ന് ശർമിള പറഞ്ഞു.

3500 കിലോമീറ്റർ പിന്നിട്ട പദയാത്രയിലുടനീളം മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെതിരേ ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് ശര്‍മിള ഉന്നയിക്കുന്നത്. നർസാംപേട്ടിലെ ടി.ആർ.എസ്. എം.എൽ.എ. പെഡ്ഡി സുദർശൻ റെഡ്ഡിക്കെതിരായ പരാമര്‍ശങ്ങളിൽ പ്രകോപിതരായ പാർട്ടി പ്രവർത്തകരാണ് ശർമളയുടെ വാഹനവ്യൂഹത്തിനുനേരെ കഴിഞ്ഞദിവസം ആക്രമണം അഴിച്ചുവിട്ടത്. സംഘർഷത്തെ തുടർന്ന് പോലീസ് പദയാത്രയ്ക്കുള്ള അനുമതി താത്കാലികമായി നിഷേധിച്ചിരുന്നു.

‘223 ദിവസമായി ഞാനും എന്റെ പാർട്ടി പ്രവർത്തകരും സമാധാനപരമായി പദയാത്ര നടത്തുകയാണ്. സാധാരണക്കാരുടെ പ്രശ്നങ്ങളുയർത്തിയുള്ള യാത്രയുടെ സ്വീകാര്യതയിൽ അസ്വസ്ഥരായ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകരുമാണ് ആക്രമണങ്ങൾക്ക് പിന്നിൽ. എന്തുവിലകൊടുത്തും യാത്ര തടസ്സപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം’- ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹൻ റെഡ്ഡിയുടെ സഹോദരിയായ ശർമിള പറഞ്ഞു.

Content Highlights: Telangana's YS Sharmila Gets Bail, Cops Had Towed Car With Her Inside

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..