പോപ്പുലർ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo: ANI

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും അതുമായി ബന്ധമുള്ള റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മരവിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ (പി.എം.എൽ.എ.) പ്രകാരമാണ് നടപടി. ബാങ്ക് അക്കൗണ്ടുകളിൽ ആകെ 68,62,081 രൂപയാണുള്ളതെന്ന് ഇ.ഡി. അറിയിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകളിലായി 59,12,051 രൂപയും റീഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ 10 അക്കൗണ്ടിലായി 9,50,030 രൂപയുമാണുണ്ടായിരുന്നത്.

ഇരുസംഘടനകൾക്കും അനധികൃതമായി വലിയതുക ലഭിച്ചിട്ടുണ്ടെന്ന് ഇ.ഡി. ആരോപിക്കുന്നു. സംഭാവനകൾ എന്നപേരിൽ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ആരോപണം. 2009 മുതൽ പോപ്പുലർ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 60 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ 30 കോടിയിലേറെ പണമായി നിക്ഷേപിച്ചതാണ്. 2010 മുതൽ റിഹാബ് ഫൗണ്ടേഷന്റെ അക്കൗണ്ടുകളിൽ 58 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.

ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽനിന്ന് അനുഭാവികളുടെ അക്കൗണ്ട് വഴിയാണ് പണം ഈ ബാങ്ക് അക്കൗണ്ടുകളിലേക്കയക്കുന്നത്. ആളുകളുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ച് അത് സംഭാവനയെന്ന പേരിൽ പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിലേക്ക് മാറ്റുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ പണമുപയോഗിക്കുന്നു. പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരായി ഒട്ടേറെ കേസുകളുണ്ടെന്നും പലരും ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഇ.ഡി. പ്രസ്താവനയിൽ അറിയിച്ചു.

വിദേശത്തുനിന്ന് ലഭിക്കുന്ന കള്ളപ്പണം വെളുപ്പിക്കുന്നതായി പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരേ കഴിഞ്ഞമാസം ലഖ്‌നൗവിലെ സ്പെഷ്യൽ കോടതിയിൽ ഇ.ഡി. കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, ആരോപണങ്ങളെല്ലാം പോപ്പുലർ ഫ്രണ്ട് നിഷേധിച്ചിട്ടുണ്ട്. അനധികൃത പണമിടപാടുകളുമായി ബന്ധപ്പെട്ട് 2018-ലാണ് ഇ.ഡി. കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞവർഷം കേരളത്തിലടക്കം ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു.

Content Highlights: The bank accounts of the Popular Front were frozen

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..