ബ്രിട്ടീഷ് ഹൈക്കമ്മിഷന് മുന്നിലെ സുരക്ഷാവേലി നീക്കി


1 min read
Read later
Print
Share

* ലണ്ടൻ സംഭവത്തിനുള്ള മറുപടി * പോലീസ് സുരക്ഷ തുടരും

ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷനുമുമ്പിലെ സുരക്ഷാ ബാരിക്കേഡുകൾ ഡൽഹി പോലീസ് മാറ്റിയപ്പോൾ

ന്യൂഡൽഹി: ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷനു മുന്നിലെ ഡൽഹി പോലീസിന്റെ സുരക്ഷാവേലികൾ നീക്കി. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ ഖലിസ്താൻ വാദികൾ കടന്നുകയറി ആക്രമണം നടത്തിയ സംഭവം കഴിഞ്ഞ് രണ്ടുദിവസം പിന്നിടുമ്പോളാണിത്.

ലണ്ടൻ സംഭവത്തിനുള്ള പ്രതികരണമാണ് നടപടിയെന്നാണ് സൂചന. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷന് ബ്രിട്ടീഷ് സുരക്ഷാ ഏജൻസികൾ വേണ്ടത്ര സുരക്ഷ ഒരുക്കിയില്ലെന്ന ആക്ഷേപം ഇന്ത്യ ഔദ്യോഗികമായി ഉയർത്തിയിരുന്നു. ചാണക്യപുരിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷൻ ആസ്ഥാനത്തിനു മുന്നിലും ബ്രിട്ടീഷ് ഹൈക്കമ്മിഷണർ അലക്സ് എല്ലിസിന്റെ രാജാജി മാർഗിലുള്ള ഔദ്യോഗിക വസതിക്കു മുന്നിലുമുള്ള ബാരിക്കേഡുകളാണ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം നീക്കിയത്. രണ്ടിടത്തും പോലീസ് സുരക്ഷ തുടരുന്നുണ്ട്.

സംഭവത്തിൽ വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചില്ല. സുരക്ഷാ വിഷയങ്ങളിൽ തങ്ങൾ പ്രതികരിക്കില്ലെന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷൻ ഔദ്യോഗിക വക്താവ് ഡൽഹിയിൽ പറഞ്ഞു.

ഞായറാഴ്ചയാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ ഖലിസ്താൻ വാദികൾ കടന്നുകയറി അക്രമം കാട്ടിയത്. തുടർന്ന് ഡൽഹി ബ്രിട്ടീഷ് ഹൈക്കമ്മിഷനിലെ ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ക്രിസ്റ്റീന സ്കോട്ടിനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചിരുന്നു.

ലണ്ടനിൽ വേലികൾ ഉയർന്നു

ലണ്ടൻ: ചില ബ്രിട്ടീഷ് സിഖ് സംഘടനകൾ പ്രതിഷേധപ്രകടനത്തിന് ആഹ്വാനം ചെയ്തതിനെത്തുടർന്ന് ബുധനാഴ്ച ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷന് പുറത്ത് കനത്ത സുരക്ഷാസന്നാഹം ഏർപ്പെടുത്തി. കെട്ടിടത്തിനുമുന്നിൽ പോലീസ് വേലികൾ സ്ഥാപിച്ചു. ഞായറാഴ്ച ഇവിടെ ഖലിസ്താൻ വാദികൾ കടന്നുകയറി അക്രമമഴിച്ചുവിട്ടതിനെതിരേ ഇന്ത്യ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി കർക്കശമാക്കിയത്.

മഞ്ഞനിറത്തിലുള്ള ഖലിസ്താൻ പതാകകളുമായെത്തിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. അവർ മഷിയും വെള്ളവും പോലീസിന്റെ ദേഹത്ത് ഒഴിച്ചു. പ്രകോപിതരാകാതെ പോലീസ് പ്രതിഷേധക്കാരെ നീക്കി. രണ്ടായിരത്തോളം പേരെങ്കിലും പ്രതിഷേധമുദ്രാവാക്യങ്ങളുമായെത്തിയെന്ന് പോലീസ് പറഞ്ഞു.

Content Highlights: The security fence in front of the British High Commission was removed

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..