അനുമതിയില്ലാതെ റാലി; മേവാനിക്ക് മൂന്നുമാസം തടവ്


ജിഗ്‌നേഷ് മേവാനി |ഫോട്ടോ:PTI

അഹമ്മദാബാദ്: പോലീസിന്റെ അനുമതിയില്ലാതെ റാലി നടത്തിയെന്ന കേസിൽ ജിഗ്നേഷ് മേവാനി എം.എൽ.എ.യടക്കം പത്തുപേരെ ഗുജറാത്തിലെ മഹെസാന കോടതി മൂന്നുമാസം തടവിനും ആയിരം രൂപ പിഴയ്ക്കും ശിക്ഷിച്ചു. അഞ്ചുവർഷം മുമ്പത്തെ കേസിൽ ഇപ്പോൾ കോൺഗ്രസ് നേതാവായ കനയ്യകുമാറും പ്രതിയാണെങ്കിലും അദ്ദേഹത്തിനെതിരേ വിചാരണ തുടങ്ങിയിട്ടില്ല.

‘സ്വാതന്ത്ര്യയാത്ര’ എന്നുപേരിട്ട റാലി 2017 ജൂലായ് 12-നാണ് മേവാനിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ദളിത് അധികാർ മഞ്ച് സംഘടിപ്പിച്ചത്. ഉനയിൽ ചത്ത പശുവിന്റെ തോലുരിച്ച ദളിതരെ കെട്ടിയിട്ടുമർദിച്ച സംഭവത്തിന്റെ വാർഷികത്തിലായിരുന്നു പരിപാടി. യാത്രയ്ക്ക് ആദ്യം എക്സിക്യുട്ടീവ് മജിസ്ട്രേറ്റ്‌ അനുമതി നൽകിയെങ്കിലും പിന്നീട് നിഷേധിച്ചു. ഇതു വകവെക്കാതെയാണ് റാലി നടത്തിയത്.റാലി നടത്തിയതിനല്ല, അനുവാദംകൂടാതെ അതു നടത്തിയതിനാണ് ശിക്ഷയെന്ന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ ജെ.എ. പർമാർ വ്യക്തമാക്കി. എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരേ മേലധികാരികൾക്ക് പരാതി നൽകുന്നതിനുപകരം അതുലംഘിച്ചത് ന്യായീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

പട്ടേൽ സംവരണസമരനേതാവായിരുന്ന രേഷ്മ പട്ടേലും ശിക്ഷിക്കപ്പെട്ടവരിലുണ്ട്. രേഷ്മ ഇപ്പോൾ എൻ.സി.പി.യിലാണ്. കോടതിയിൽ കുറ്റം ചുമത്തുമ്പോൾ ഹാജരാകാത്തതിനാലാണ് കനയ്യയ്ക്കെതിരേ വിചാരണ തുടങ്ങാത്തത്. സെഷൻസ് കോടതിയിൽ അപ്പീൽ നൽകുമെന്ന് ജിഗ്നേഷ് മേവാനി അറിയിച്ചു. ‘‘റാലിയുടെ ഒടുവിൽ ദളിത് കുടുംബത്തിന് ഭൂമി വീണ്ടെടുത്തുനൽകിയെന്നതാണ് സന്തോഷകരമായ സംഗതി. കോടികൾ വെട്ടിച്ചവർ കോടതിയിലെത്താതെ നടക്കുമ്പോൾ ഇതുപോലുള്ള കേസുകളിൽ സർക്കാർ കാട്ടുന്ന ആവേശം ഗംഭീരമാണ്’’ -മേവാനി പറഞ്ഞു.

മോദിക്കെതിരേ ട്വീറ്റുചെയ്തതിന് അസം പോലീസിന്റെ കസ്റ്റഡിയിലായിരുന്ന മേവാനി, കഴിഞ്ഞദിവസമാണ് ഗുജറാത്തിൽ മടങ്ങിയെത്തിയത്.

Content Highlights: Three months imprisonment Jignesh Mevani and others in unlawful assembly case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..