ഒഡീഷയിലെ ബാലാസോറിൽ തീവണ്ടി അപകടം നടന്നിടത്ത് പുതുതായി നിർമിച്ച ട്രാക്കിലൂടെ കടന്നുപോകുന്ന പാസഞ്ചർ ട്രെയിൻ | Photo: PTI
ബാലസോർ: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ തീവണ്ടിദുരന്തത്തിനു ശേഷം ബാലസോറിലൂടെ വീണ്ടും തീവണ്ടികൾ ഓടിത്തുടങ്ങി. അപകടം നടന്ന് 51 മണിക്കൂറുകൾക്കുള്ളിലാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ട്രാക്കുകൾ പഴയപടിയാക്കിയത്.
തിങ്കളാഴ്ച രാവിലെ 9.30-ഓടെ ഹൗറ-പുരി വന്ദേ ഭാരത് എക്സ്പ്രസ് ബഹനാഗാ ബസാർ സ്റ്റേഷനിലൂടെ കടന്നുപോയി. ഈ സമയം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലത്തുണ്ടായിരുന്നു. ഹൗറ-പുരി എക്സ്‌പ്രസ്, ഭുവനേശ്വർ-ന്യൂഡൽഹി സമ്പർക് ക്രാന്തി എക്സ്‌പ്രസ് എന്നിവയും ഈ വഴിയിലൂടെ കടന്നുപോയി. തീവണ്ടികൾ വേഗംകുറച്ചാണ് ഓടിയത്. രണ്ടുപാളങ്ങളും അറ്റകുറ്റപ്പണികൾക്കുശേഷം ഞായറാഴ്ച രാത്രിയോടെ പൂർവസ്ഥിതിയിലായതായി അശ്വിനി വൈഷ്ണവ് അറിയിച്ചു.
അന്വേഷണം പൂർത്തിയാകാൻ സമയമെടുക്കുമെന്നും അതിനുശേഷമേ അപകടകാരണം വ്യക്തമാകൂവെന്നും സ്ഥലം സന്ദർശിച്ച റെയിൽവേ സുരക്ഷാ കമ്മിഷണർ ശൈലേഷ് കുമാർ പഥക് പറഞ്ഞു.
ശ്വാസമടക്കി യാത്രക്കാർ
: അപകടത്തിനുശേഷം ആദ്യമായി ബാലസോറിലൂടെ കടന്നുപോയ വന്ദേഭാരത് തീവണ്ടിയിലെ യാത്രക്കാർ ശ്വാസമടക്കിയാണ് അപകടസ്ഥലം ഉറ്റുനോക്കിയത്. ദുരന്തമുഖത്തെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്ന തിരക്കിലായിരുന്നു ഭൂരിഭാഗവും. ഹൗറയിൽനിന്ന് രാവിലെ 6.10-ന് പുറപ്പെട്ട തീവണ്ടി 9.30-ഓടെയാണ് ബാലസോറിലെത്തിയത്. ഖരഗ്പുരിൽ എത്തിയശേഷം അടുത്ത സ്റ്റേഷൻ ബാലസോർ ആയിരിക്കുമെന്ന അറിയിപ്പുകൾ കേട്ടതോടെ യാത്രക്കാർ മൊബൈൽ ക്യാമറകളുമായി ജനാലകൾക്കരികിൽ നിലയുറപ്പിച്ചു.
151 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
: ഇതുവരെ 151 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി സംസ്ഥാന ചീഫ് സെക്രട്ടറി പ്രദീപ് ജെന അറിയിച്ചു. അപകടത്തിൽ 275 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൃതദേഹങ്ങൾ അവരവരുടെ സ്ഥലങ്ങളിൽ സൗജന്യമായി എത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും സർക്കാർ ചെയ്തിട്ടുണ്ട്.
ഒഡിഷയിൽ ചരക്കുവണ്ടി പാളം തെറ്റി
ദുരന്തത്തിന്റെ നടുക്കം മാറുംമുമ്പ് ഒഡിഷയിൽ ചരക്കുതീവണ്ടി പാളം തെറ്റി. തിങ്കളാഴ്ച പുലർച്ചെ ബർഗഢ് ജില്ലയിലെ മെന്ദപാലിക്ക് സമീപമാണ് അപകടം. സിമന്റ് കൊണ്ടുപോവുകയായിരുന്ന അഞ്ച് ബോഗികളാണ് അപകടത്തിൽപ്പെട്ടത്. ആളപായമില്ല. പാളം തെറ്റിയത് സ്വകാര്യ സിമന്റ് കമ്പനിയുടെ നാരോ ഗേജ് സൈഡിങ് ആണെന്നും റെയിൽവേയുമായി ബന്ധമില്ലെന്നും ഈസ്റ്റ് കോസ്റ്റ് റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..