ക്രിമിനൽക്കേസിലെ ടി.വി. ചർച്ചകൾ നീതിനിർവഹണത്തിലെ ഇടപെടൽ -സുപ്രീംകോടതി


സുപ്രീം കോടതി| Photo: Mathrubhumi

ന്യൂഡല്‍ഹി: കോടതിയുടെ പരിഗണനയിലിരിക്കുന്ന ക്രിമിനൽക്കേസുകളെക്കുറിച്ചുള്ള ടി.വി. ചർച്ചകൾ നീതിനിർവഹണത്തിലെ നേരിട്ടുള്ള ഇടപെടലുകളാണെന്ന് സുപ്രീംകോടതി. കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിഷയങ്ങളും തെളിവുകളും കോടതിയാണ് പരിഗണിക്കേണ്ടതെന്നും അവ ടി.വി. ചാനലുകൾപോലുള്ള പൊതു ഇടങ്ങളിൽ ചർച്ചയാക്കരുതെന്നും ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

വിചാരണക്കോടതി വിധിച്ച വധശിക്ഷ ജീവപര്യന്തം തടവാക്കിക്കുറച്ച കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരായ അപ്പീലിലെ വിധിന്യായത്തിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കേസിലെ പ്രതികൾ പോലീസിനുമുൻപാകെ നടത്തിയ കുറ്റസമ്മതമൊഴിയുടെ ഡി.വി.ഡി. തെളിവായെടുത്താണ് വിചാരണക്കോടതിയുടെ വിധി. എന്നാൽ, അന്വേഷണ ഏജൻസി ഡി.വി.ഡി.യിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ ഉദയ ടി.വി.യിലെ ‘പുട്ടാ മുട്ട’ എന്ന പരിപാടിയിൽ കാണിച്ചു. സ്വകാര്യചാനലിൽ ഡി.വി.ഡി.യിലെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചത് നീതിനിർവഹണത്തിലെ ഇടപെടലാണെന്ന് സുപ്രീംകോടതി വിലയിരുത്തി.

കുറ്റകൃത്യവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പ്രധാന തെളിവുകളുമെല്ലാം കോടതിയിലാണ് പരിഗണിക്കേണ്ടത്. പൊതു ഇടങ്ങൾ അതിനുള്ള സ്ഥലമല്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. കോടതിയിലെത്തേണ്ട തെളിവുകൾ ചാനലിലെത്തുന്നത് കോടതിയെ നേരിട്ട് സ്വാധീനിക്കുന്നതിലേക്കോ കോടതിയുടെ മനസ്സിൽ മുൻധാരണങ്ങൾ ഉണ്ടാകുന്നതിനോ കാരണമാകുമെന്നും സുപ്രീംകോടതി പറഞ്ഞു.

ഹൈക്കോടതി ജീവപര്യന്തം ശിക്ഷ നൽകിയ പ്രതികളെ വിട്ടയക്കാനും ഉത്തരവിട്ടു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽമാത്രമാണ് ഹൈക്കോടതി ഇവരെ ശിക്ഷിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

Content Highlights: supreme court, tv debate

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..