വോട്ട്‌ യോജന


2 min read
Read later
Print
Share

ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി: ഒറ്റനോട്ടത്തിൽ ജനപ്രിയമെന്ന് തോന്നിക്കുന്ന പ്രഖ്യാപനങ്ങളുമായി രണ്ടാം മോദിസർക്കാരിന്റെ ഒടുവിലത്തെ സമ്പൂർണബജറ്റ്. ഏഴുമേഖലകളിലെ വികസനവുമായി ബന്ധപ്പെട്ട് ‘സപ്തഋഷി’ പദ്ധയിലൂടെ അമൃതകാലത്തിലേക്ക്‌ കുതിക്കാമെന്ന സ്വപ്നം ബജറ്റ് പങ്കുവെക്കുന്നു. മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക നിക്ഷേപപരിധി ഇരട്ടിയാക്കിയതും സ്ത്രീകൾക്കും പെൺകുട്ടികൾക്കും രണ്ടുകൊല്ലത്തേക്ക് സ്ഥിരനിക്ഷേപപദ്ധതി പ്രഖ്യാപിച്ചതും യുവാക്കൾക്ക് ആധുനിക തൊഴിൽപരിശീലനപദ്ധതികൾ പ്രഖ്യാപിച്ചതും ജനകീയതയുടെ തെളിവായി. ആദായനികുതി സ്ലാബുകളിൽ വരുത്തിയ മാറ്റമാണ് മധ്യവർഗത്തെയും ശമ്പളവരുമാനക്കാരെയും സംബന്ധിച്ചിടത്തോളം പ്രധാനം. രണ്ടുകൊല്ലംമുമ്പ്‌ നിലവിൽവന്ന പുതിയ നികുതിഘടന തിരഞ്ഞെടുക്കുന്നവർക്ക് ഏഴുലക്ഷംരൂപവരെയുള്ള വരുമാനത്തിന് ആദായനികുതി നൽകേണ്ട. നേരത്തേ ആദായനികുതിക്ക് ആറ് സ്ലാബുണ്ടായിരുന്നത് അഞ്ചാക്കി. അതേസമയം, പഴയരീതിയിൽ നികുതി നൽകുന്നവർക്ക് ഇളവുകളൊന്നുമില്ല. ‌ കഴിഞ്ഞതവണ കാർഷികമേഖലയ്ക്ക് നീക്കിയിരിപ്പ് കുറവായിരുന്നു. ഇക്കുറി വായ്പ കൂട്ടുന്നതുൾപ്പെടെ കാർഷികമേഖലകൾക്കായി വിവിധ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, തൊഴിലുറപ്പുപദ്ധതി വീണ്ടും തഴയപ്പെട്ടു.

: അടുത്തവർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും അതിനുമുമ്പ് നടക്കാനിരിക്കുന്ന 13 നിയമസഭാ തിരഞ്ഞെടുപ്പുകളും നേരിടുക എന്ന രാഷ്ട്രീയലക്ഷ്യവും ഈ ബജറ്റിലുണ്ട്. പതിവു വോട്ടുബാങ്കിനെ ഒപ്പംനിർ‌ത്തുന്നതിനൊപ്പം ഇടത്തരക്കാരും പിന്നാക്ക, ഗോത്രവർഗക്കാരും ഉൾപ്പെടെയുള്ളവരെ ആകർഷിക്കാനുള്ള വിഭവങ്ങളും ബജറ്റിലുണ്ട്. താഴെത്തട്ട്-ഇടത്തട്ട് വിഭാഗങ്ങളെ ബാധിക്കുന്ന പലതരം സാമൂഹികവികസന പദ്ധതികൾക്കാണ് ഊന്നൽ.

പുതിയ പ്രഖ്യാപനങ്ങൾ, പദ്ധതികൾ

-അമൃതകാലത്തിേലക്കുള്ള കുതിപ്പിന് സപ്തഋഷി പദ്ധതി

- 5ജി സർവീസ് ആപ്ലിക്കേഷൻ വികസിപ്പിക്കാൻ 100 ലാബുകൾ

-നിർമിതബുദ്ധി വികസിപ്പിക്കാൻ മൂന്ന് പ്രത്യേക ഗവേഷണകേന്ദ്രങ്ങൾ തുടങ്ങും

-ദുർബല ഗോത്രവിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി പി.വി.ഡി.സി. പദ്ധതി തുടങ്ങും

- 157 പുതിയ നഴ്‌സിങ് കോളേജുകൾ സ്ഥാപിക്കും

-ഗ്രാമീണമേഖലകളിൽ സ്റ്റാർട്ടപ്പ് പദ്ധതികളെ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക ഫണ്ട് (അഗ്രിക്കൾച്ചർ ആക്സിലറേറ്റർ ഫണ്ട്) തുടങ്ങും

-അരിവാൾരോഗ നിർമാർജനത്തിന് പ്രത്യേക പദ്ധതി

-ഐ.സി.എം.ആർ. ലാബുകളിൽ സ്വകാര്യ മേഖലയുമായി സഹകരിച്ച് വൈദ്യശാസ്ത്ര ഗവേഷണത്തിന് പദ്ധതി

- സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി രണ്ടുലക്ഷം രൂപവരെ നിേക്ഷപിക്കാവുന്ന ‘മഹിളാ സമ്മാൻ സേവിങ്സ് സ്കീം’. പലിശ 7.5 ശതമാനം. കാലാവധി രണ്ടുവർഷം

-ഹോർട്ടികൾച്ചർ വിളകളുടെ ഉത്പാദനം കൂടുതലാക്കാൻ ആത്മനിർഭർ ഭാരത് ഹോർട്ടികൾച്ചർ ക്ലീൻ പ്ലാന്റ് പ്രോഗ്രാം തുടങ്ങും

-ഇന്ത്യയെ ചെറുധാന്യകേന്ദ്രമാക്കി മാറ്റാനുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കാൻ ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ചിന് സഹായം

- മരുന്നുഗവേഷണം പ്രോത്സാഹിപ്പിക്കാൻ പദ്ധതി

- ഗോത്രവിഭാഗക്കാരായ വിദ്യാർഥികൾ പഠിക്കുന്ന ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ 38,000 അധ്യാപകരെ നിയമിക്കും.

- സർക്കാർ‌ജീവനക്കാരുടെ തൊഴിൽശേഷി ഉയർത്താൻ കർമയോഗി പദ്ധതി

- ഡിജിറ്റൽ ഇടപാടുകൾ‌ക്ക് പാൻ ഏകീകൃത തിരിച്ചറിയൽ കാർഡ്.

-ജില്ലാതലത്തിൽ അധ്യാപകപരിശീലനം നൽകും.

കുട്ടികൾക്കായി ദേശീയ ഡിജിറ്റൽ ലൈബ്രറികൾ സ്ഥാപിക്കും

- പഞ്ചായത്തുകളിലും വാർഡുതലത്തിലും ഡിജിറ്റൽ ഗ്രന്ഥശാലകൾ തുടങ്ങാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും

- പ്രാചീന ശിലാലിഖിതങ്ങൾ ഡിജിറ്റലായി സൂക്ഷിക്കാൻ ഭാരത് ശ്രീ പദ്ധതി

- അടിസ്ഥാനസൗകര്യ വികസനത്തിനായി സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് നൽകുന്ന പലിശരഹിതവായ്പ ഒരുവർഷംകൂടി തുടരും

- ദേശീയ ഡേറ്റ ഗവേണൻസ് പോളിസി കൊണ്ടുവരും

-ഓൺലൈൻ നിയമസഹായ പദ്ധതിയായ ഇ-കോടതികളുടെ മൂന്നാംഘട്ടം നടപ്പാക്കും

-ബദൽ വളങ്ങളും രാസവളങ്ങളുടെ സമീകൃത ഉപയോഗവും പ്രോത്സാഹിപ്പിക്കാൻ പി.എം. പ്രണാം പദ്ധതി തുടങ്ങും

- മലിനീകരണത്തിന് കാരണമാകുന്ന പഴയ വാഹനങ്ങൾ മാറ്റാൻ സർക്കാരുകൾക്ക് പ്രത്യേക ഫണ്ട്

- യുവാക്കൾക്ക് അവസരങ്ങൾ ഉറപ്പാക്കാൻ തൊഴിൽ പരിശീലനത്തിന് പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ നാലാംപതിപ്പ് നടപ്പാക്കും

Content Highlights: union-budget-2023

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..