1. പ്രിയങ്ക ഗാന്ധി 2. ആരാധന മിശ്ര മോണ
ലഖ്നൗ: ‘‘ഞാൻ ഒരു പെൺകുട്ടിയാണ്, എനിക്കും പോരാടാൻ കഴിയും’’ എന്ന മുദ്രാവാക്യമുയർത്തി സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു യു.പിയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. വനിതകൾക്ക് 40 ശതമാനം സംവരണം നൽകിയെങ്കിലും പ്രിയങ്കാ ഗാന്ധിയുടെ പരീക്ഷണം പാളി.
148 സ്ഥാനാർഥികളിൽ വിജയിച്ചത് ഒരാൾ മാത്രം-ആരാധന മിശ്ര മോണ. ബാക്കിയുള്ളവർക്ക് കെട്ടിവെച്ച പണംപോലും നഷ്ടമായി. വലിയ പ്രചാരണം നടത്തി മത്സരത്തിനിറക്കിയ പലർക്കും ലഭിച്ചത് മൂവായിരത്തിൽ താഴെ വോട്ടുകൾ മാത്രം.
ഉന്നാവോയിലെ സദർ മണ്ഡലത്തിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അമ്മ ആശാ ദേവിയെ മത്സരത്തിനിറക്കിയത് ദേശീയതലത്തിൽത്തന്നെ ചർച്ചയായി. എന്നാൽ, ഫലം പുറത്തുവന്നപ്പോൾ അവർക്ക് ലഭിച്ചത് 1,555 വോട്ടുകൾ മാത്രം. തോൽവിയിൽ നിരാശയില്ലെന്നും 2027-ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ബലാത്സംഗത്തിനിരയായ പെൺകുട്ടി പറഞ്ഞു.
പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ ജയിൽ ശിക്ഷ അനുഭവിച്ച സദഫ് ജാഫർ ലഖ്നൗ സെൻട്രലിൽ 2927 വോട്ടുകൾ പരാജയപ്പെട്ടു. മാധ്യമപ്രവർത്തനം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലെത്തി സംഭാലിൽ ജനവിധിതേടിയ നിദ അഹമ്മദിന് 2256 വോട്ടുകളും ഹസ്തിനപുരയിൽ മോഡലും നടിയുമായി അർച്ചന ഗൗതമിന് 1,519 വോട്ടുകളും മാത്രമേ ലഭിച്ചുള്ളൂ. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മർദനത്തിനിരയായ റിതു സിങ്ങിന് വിവാദഭൂമിയായ ലഘിംപുർ ഖേരിയിൽ 2419 വോട്ടുകളേ കിട്ടിയുള്ളൂ. ബിക്രു കേസിലെ കൂട്ടുപ്രതിയായ ഖുഷി ദുബെയുടെ മൂത്ത സഹോദരി നേഹ തിവാരിക്ക് കാൻപുരിലെ കല്യാൺപുരിൽ ലഭിച്ചത് 2,302 വോട്ടു മാത്രം
വനിതാസ്ഥാനാർഥികളുടെ തോൽവി അവലോകനം ചെയ്യുമെന്നും നിരാശയില്ലെന്നും സ്ത്രീകൾക്കുവേണ്ടി പാർട്ടി ഇനിയും പ്രവർത്തിക്കുമെന്നും കോൺഗ്രസ് വക്താവ് അശോക് സിങ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..