പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.എഫ്.പി.
ലഖ്നൗ: അക്രമികളുടെ വസ്തുവകകൾ പൊളിക്കാൻ മാത്രമല്ല, പുറത്താക്കിയ മരുമകളെ ഭർത്തൃവീട്ടിൽ കയറ്റാനും ഉത്തർപ്രദേശ് പോലീസ് ബുൾഡോസർ വിളിക്കും. കോടതിയുത്തരവുണ്ടായിട്ടും യുവതിയെ വീട്ടിൽക്കയറ്റാത്ത ഭർത്താവിന്റെ കുടുംബത്തെ പാഠം പഠിപ്പിക്കാനാണ് ഞായറാഴ്ച ഹരിനഗറിൽ പോലീസ് ബുൾഡോസറുമായെത്തിയത്.
നൂതൻ മാലിക് എന്ന യുവതിയെ ഭർത്താവിന്റെ വീട്ടിൽ കയറാൻ സഹായിക്കണം എന്ന അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവാണ് നാടകീയ സംഭവങ്ങൾക്കിടയാക്കിയത്. ഉത്തരവനുസരിച്ച് നൂതനുമായി പോലീസ് എത്തിയെങ്കിലും വീട്ടുകാർ വാതിലടച്ചു. ഒരുകാരണവശാലും യുവതിയെ കയറ്റില്ലെന്നുമറിയിച്ചു. നീണ്ടചർച്ചകൾക്കുശേഷവും ഭർത്തൃവീട്ടുകാർ വഴങ്ങാതെവന്നപ്പോൾ വാതിൽ പൊളിക്കാൻതന്നെ തീരുമാനിച്ചു പോലീസ്; പിന്നാലെ ബുൾഡോസറും എത്തിച്ചു. ഇതോടെ വീട്ടുകാർ കീഴടങ്ങി യുവതിയെ വീട്ടിൽക്കയറ്റിയെന്ന് ബിജ്നോർ ജില്ലാ പ്രൊബേഷൻ ഓഫീസർ റൂബി ഗുപ്ത ചൊവ്വാഴ്ച പറഞ്ഞു.
ഹരിനഗർ സ്വദേശി റോബിൻസിങ്ങുമായി അഞ്ചുവർഷം മുമ്പായിരുന്നു നൂതന്റെ വിവാഹം. വൈകാതെ, ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ തുടങ്ങി. റോബിനെതിരേ സ്ത്രീധനപീഡനത്തിന് നൂതൻ കേസുകൊടുത്തു. ഈ കേസിൽ 2019 ജൂൺ 19-ന് റോബിനെ പോലീസ് അറസ്റ്റുചെയ്തു. ഇതേത്തുടർന്ന് നൂതനെ ഭർത്തൃവീട്ടിൽനിന്ന് അടിച്ചിറക്കി. അന്നുമുതൽ സ്വന്തം അച്ഛനമ്മമാർക്കൊപ്പമായിരുന്നു യുവതിയുടെ താമസം.
മകൾക്കു നീതിതേടി നൂതന്റെ അച്ഛൻ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. നൂതനു സുരക്ഷയുറപ്പാക്കാനും ഭർത്തൃവീട്ടിൽ താമസിക്കാൻ സഹായിക്കാനും കോടതി പോലീസിനോടു നിർദേശിക്കുകയായിരുന്നു.
Content Highlights: UP cops bring bulldozer to help woman enter in-laws' house
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..