അമർത്യാസെന്നിനോട് ഭൂമി തിരികെ ചോദിച്ച് വിശ്വഭാരതി; ഭൂമി രേഖകളുള്ളതെന്ന് സെൻ


*കേന്ദ്രത്തെ വിമർശിക്കുന്നതിലുള്ള പകപോക്കലെന്ന് ആരോപണം

അമർത്യാ സെൻ | Photo: PTI

കൊൽക്കത്ത: അനധികൃതമായി കൈവശംവെച്ചിരിക്കുന്ന സർവകലാശാലാ ഭൂമി തിരികെ തരണമെന്നാവശ്യപ്പെട്ട് ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാല നൊബേൽ പുരസ്കാരജേതാവ് അമർത്യാസെന്നിന് വീണ്ടും കത്തയച്ചു. മൂന്നുദിവസത്തിൽ രണ്ടാംതവണയാണ് ഈയാവശ്യമുന്നയിച്ച് കേന്ദ്രസർവകലാശാല കത്ത് നൽകുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെ തുടർച്ചയായി വിമർശിക്കുന്നതിലുള്ള പകപോക്കലാണിതെന്ന് ആരോപണമുയർന്നിട്ടുണ്ട്.

അമർത്യാസെൻ 13 സെന്റ് ഭൂമി അനധികൃതമായി കൈവശംവെച്ചിരിക്കുകയാണെന്നാണ് വിശ്വഭാരതിയുടെ ഇപ്പോഴത്തെ ഭരണകർത്താക്കൾ ആരോപിക്കുന്നത്. 2021 ജനുവരിയിൽ ഈ ഭൂമി തിരികെനൽകണമെന്ന് വൈസ് ചാൻസലർ വിദ്യുത് ചക്രവർത്തി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആരോപണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് അമർത്യാസെൻ വക്കീൽനോട്ടീസ് അയച്ചു.

തന്റെ കൈവശമുള്ള ഭൂമിയുടെ നല്ലൊരുപങ്കും വിപണിവില നൽകി പ്രാദേശിക ജമീന്ദാർമാരിൽനിന്ന്‌ അച്ഛൻ വിലയ്ക്കുവാങ്ങിയതാണെന്നാണ് അമർത്യാസെൻ പറയുന്നത്. ബാക്കിയുള്ള ഭൂമി 1940-കളിൽ സർവകലാശാലയിൽനിന്ന്‌ 100 വർഷത്തേക്കുള്ള ദീർഘകാലപാട്ടത്തിന് എടുത്തിട്ടുള്ളതാണ്. ഇതെല്ലാം നടപടിക്രമങ്ങൾ പാലിച്ചാണ് ചെയ്തിട്ടുള്ളത്. കാലാവധികഴിഞ്ഞ്‌ താമസിക്കുന്നു എന്നപ്രശ്നം വരുന്നതേയില്ല. “ഭൂമി സർവകലാശാലയുടേതാണെന്ന് അവർക്ക് ഉറപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കട്ടെ. എനിക്കുപറയാനുള്ളത് അവിടെ ബോധിപ്പിച്ചുകൊള്ളാം” -സെൻ പറഞ്ഞു.

തന്നെ ശാന്തിനികേതനിൽനിന്ന് പുറത്താക്കാനുള്ള വിശ്വഭാരതി സർവകലാശാലയുടെ തിടുക്കവും അതിന്റെ പിന്നിലുള്ള രാഷ്ട്രീയവും മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രത്തിലെ ബി.ജെ.പി. സർക്കാർ രാജ്യത്ത് വിഭാഗീയപ്രവണതകൾക്ക് ആക്കംകൂട്ടുന്നതായി ഈയിടെ അമർത്യാസെൻ വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്രസർവകലാശാലയായ വിശ്വഭാരതി ഭൂമിയാരോപണം വീണ്ടും സജീവമാക്കിയിരിക്കുന്നത്. അമർത്യാസെൻ നടത്തുന്ന രാഷ്ട്രീയവിമർശനങ്ങൾക്കുള്ള പ്രതികാരമാണിതെന്ന് മുഖ്യമന്ത്രി മമതാബാനർജി നേരത്തേ വിമർശിച്ചിരുന്നു.

Content Highlights: visva bharati amartya sen

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..