സ്വാതി മാലിവാൾ | Photo: ANI
ന്യൂഡൽഹി: കുട്ടിക്കാലത്ത് അച്ഛൻ ലൈംഗികമായി ഉപദ്രവിക്കുമായിരുന്നെന്ന് ഡൽഹി വനിതാകമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ. “എന്നും അടിക്കുമായിരുന്നു. ലൈംഗികമായി ഉപദ്രവിക്കുമായിരുന്നു. പേടികാരണം അച്ഛൻ വീട്ടിലെത്തിയാൽ ഞാൻ കട്ടിലിനടിയിൽ ഒളിക്കും.” -അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഡൽഹി വനിതാകമ്മിഷൻ സംഘടിപ്പിച്ച പുരസ്കാരദാനച്ചടങ്ങിൽ സ്വാതി പറഞ്ഞു
അച്ഛനെ പേടിയായിരുന്നു. എന്റെ തലമുടിയിൽ പിടിച്ച് ഭിത്തിയിൽ ഇടിക്കുന്നതും മുറിവുണ്ടാകുന്നതും പതിവായിരുന്നു. നാലാംക്ലാസ് വരെ ഇത് തുടർന്നു. പുരസ്കാരദാനച്ചടങ്ങ് തന്നെ വികാരഭരിതയാക്കിയെന്നും അവാർഡ് ജേതാക്കളുടെ പോരാട്ടകഥകൾ സ്വന്തം പോരാട്ടത്തെ ഓർമിപ്പിച്ചെന്നും അവർ പറഞ്ഞു.
ഇത്തരം പീഡനങ്ങൾ നേരിടുന്ന സ്ത്രീകളെ എങ്ങനെ ശാക്തീകരിക്കാമെന്നും അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ എങ്ങനെ സഹായിക്കാമെന്നുമാണ് താൻ രാത്രിമുഴുവൻ ആലോചിച്ചിരുന്നത്. സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്ന ഇത്തരക്കാരെ എങ്ങനെ പാഠം പഠിപ്പിക്കുമെന്നും ചിന്തിച്ചു. ആ കാലഘട്ടത്തിലെ അനുഭവങ്ങളാണ് സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനുള്ള നിശ്ചയദാർഢ്യത്തിനു പിന്നിലെന്നും സ്വാതി പറഞ്ഞു.
2015-ലാണ് സ്വാതി മലിവാൾ ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷയായത്. അതിനുമുമ്പ് ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ ഉപദേശകയായും പ്രവർത്തിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..