രാഷ്ട്രപതി തിരഞ്ഞെടുപ്പ്; പവാറിനെയോ നിതീഷിനെയോ കളത്തിലിറക്കാന്‍ പ്രതിപക്ഷം


1 min read
Read later
Print
Share

ശരദ് പവാർ, നിതീഷ് കുമാർ| Photo: PTI, ANI

ന്യൂഡൽഹി: പുതിയ രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള കരുനീക്കങ്ങൾ ദേശീയതലത്തിൽ രാഷ്ട്രീയപ്പാർട്ടികൾ ആരംഭിച്ചു.

രാഷ്ട്രപതിയുടെ കാലാവധി അവസാനിക്കാൻ മൂന്നുമാസം ബാക്കിനിൽക്കെയാണ് ഭരണ-പ്രതിപക്ഷ ക്യാംപുകൾ ചർച്ചകൾ സജീവമാക്കിയത്. പ്രതിപക്ഷപാർട്ടികൾ യോജിച്ച് പൊതുസ്ഥാനാർഥിയെ രംഗത്തിറക്കാനാണ് ആലോചിക്കുന്നത്. അടുത്ത മാസം 10-ന് പുറത്തുവരുന്ന അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലവും രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിർണായകമായിരിക്കും.

ജൂലായ് 25-നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി പൂർത്തിയാകുന്നത്. പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജൂണിൽത്തന്നെ ആരംഭിക്കും. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 776 പാർലമെന്റ് അംഗങ്ങൾക്കും 4120 എം.എൽ.എ.മാർക്കുമാണ് വോട്ടവകാശം. രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ട് മണ്ഡലത്തിൽ (ഇലക്ടറൽ കോളേജ്) 10,98,903 വോട്ടുകളാണുള്ളത്. 5,49,452 വോട്ടുകളാണ് ജയിക്കാൻ ആവശ്യം.

ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിലാണ് വോട്ടുമൂല്യം കൂടുതൽ; 83,824. അതിനാൽ ഇവിടുത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഭരണ-പ്രതിപക്ഷങ്ങൾക്ക് നിർണായകമാണ്. രാജ്യസഭയിൽ ഈ വർഷം 75 സീറ്റുകൾ ഒഴിവുവരും. ഈ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ബാധിക്കും. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വ്യക്തമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ, ബി.ജെ.പി.ക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പ് സുഗമമായിരിക്കില്ല.

എൻ.ഡി.എ.യിൽ ബി.ജെ.പിയുടെ തീരുമാനമാണ് പ്രധാനം. അതാകട്ടെ, ആർ.എസ്.എസായിരിക്കും നിശ്ചയിക്കുക. ദക്ഷിണേന്ത്യയിൽ നിന്നായിരിക്കും ഇക്കുറി എൻ.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാർഥിയെന്ന സൂചനയാണ് ബി.ജെ.പി. ക്യാംപിൽനിന്ന് ഉയരുന്നത്.

ഒറ്റക്കെട്ടായി രാഷ്ട്രപതിസ്ഥാനാർഥിയെ നിശ്ചയിക്കണമെന്ന സമീപനമാണ് പ്രതിപക്ഷ ക്യാംപിൽ രൂപമെടുത്തിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ പ്രതിപക്ഷ പാർട്ടികളുടെ യോഗംചേരും. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിളിക്കുന്ന യോഗത്തിന് പുറമേ മമതാ ബാനർജിയും ചന്ദ്രശേഖർ റാവുവും പ്രതിപക്ഷനേതാക്കളുടെ യോഗത്തിനായി ശ്രമിക്കുന്നുണ്ട്.

ബിഹാറിൽ ബി.ജെ.പി.യുമായി സ്വരച്ചേർച്ചയിലല്ലാത്ത മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഒപ്പംചേർക്കാനുള്ള നീക്കം ശക്തമാണ്. എൻ.സി.പി. നേതാവ് ശരദ് പവാർ, ജെ.ഡി.യു. നേതാവ് നിതീഷ് കുമാർ എന്നിവർ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി സാധ്യതാപട്ടികയിൽ ഇടംപിടിക്കുമെന്ന സൂചനയുണ്ട്.

Content Highlights: who will be india's next president, opposition likely to field sharad pawar or nitish kumar

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..