പാർലമെന്റ് മന്ദിര ഉദ്ഘാടനത്തെച്ചൊല്ലി വാദം, പ്രതിവാദം


1 min read
Read later
Print
Share

പുതിയ മന്ദിരത്തിലെ രാജ്യസഭാ ഹാൾ | Photo: centralvista.gov.in/new-parliament-building

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്രവും കോൺഗ്രസും തമ്മിലുള്ള വാക്‌പോര് തുടരുന്നു.

മുൻപ്രധാനമന്ത്രിമാർക്ക് ആകാമെങ്കിൽ മോദിക്കുമാകാമെന്ന് കേന്ദ്രം

  • പാർലമെന്റിലെ മന്ദിരങ്ങൾ കോൺഗ്രസിന്റെ പ്രധാനമന്ത്രിമാർക്ക് ഉദ്ഘാടനംചെയ്യാമെങ്കിൽ എന്തുകൊണ്ട് ബി.ജെ.പി.ക്ക് ആയിക്കൂടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. 1975-ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പാർലമെന്റ് അനക്സ് മന്ദിരവും 1987-ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി പാർലമെന്റ് ലൈബ്രറിക്കെട്ടിടവും ഉദ്ഘാടനംചെയ്തെന്നും മന്ത്രി പറഞ്ഞു.
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നിർമിച്ചതിന്റെ പേരിൽമാത്രമാണ് ചടങ്ങ് പ്രതിപക്ഷപാർട്ടികൾ ബഹിഷ്കരിക്കുന്നതെന്ന് മുതിർന്ന ബി.ജെ.പി. നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ്. പ്രധാനമന്ത്രിക്കും ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളുണ്ട്. ഉദ്ഘാടനത്തിനെത്താൻ പ്രതിപക്ഷം വലിയ മനസ്സുകാണിക്കണം.
  • ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പറയുന്ന പ്രതിപക്ഷപാർട്ടികൾ കേവലം നിസ്സാരരാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.
രാഷ്ട്രപതിമാരെ മാറ്റിനിർത്തിയിട്ടില്ലെന്ന് കോൺഗ്രസ്

  • പാർലമെന്റ് ലൈബ്രറി ഉദ്ഘാടനംചെയ്തത് രാജീവ് ഗാന്ധിയായിരുന്നില്ലെന്ന് കോൺഗ്രസ്. 1987 ഓഗസ്റ്റ് 15-നു ലൈബ്രറിയുടെ ശിലാസ്ഥാപനമാണ് രാജീവ് നിർവഹിച്ചത്. 2002 മേയിൽ അന്നത്തെ രാഷ്ട്രപതി കെ.ആർ. നാരായണനാണ് ലൈബ്രറി മന്ദിരം ഉദ്ഘാടനംചെയ്തത്. ഇന്ദിരാഗാന്ധി ഉദ്ഘാടനംചെയ്ത പാർലമെന്റ് അനക്സിന്റെ ശിലാസ്ഥാപനം 1970 ഓഗസ്റ്റിൽ നിർവഹിച്ചത് രാഷ്ട്രപതി വി.വി. ഗിരിയാണ്. അനക്സായാലും ലൈബ്രറിയായാലും തറക്കല്ലിട്ടപ്പോഴോ ഉദ്ഘാടനത്തിനോ അതതുകാലത്തെ രാഷ്ട്രപതിമാർ പങ്കെടുത്തിരുന്നു.
  • അനക്സും ലൈബ്രറിയും അനുബന്ധമന്ദിരങ്ങളായിരുന്നെന്നും എന്നാൽ, ഇതു പുതിയ പാർലമെന്റ് മന്ദിരമാണെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ട്വീറ്റുചെയ്തു.
  • രാഷ്ട്രപതിയെ ഒഴിവാക്കി പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനംചെയ്യുന്നതിനെ രാജ്യസഭയിലെ പ്രതിപക്ഷനേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ വിമർശിച്ചു. ജനാധിപത്യത്തിന്റെ ക്ഷേത്രമാണ് പാർലമെന്റ്. അവിടെ ഒന്നാംസ്ഥാനം രാഷ്ട്രപതിക്കാണ്. പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതിയെ അനുവദിക്കാത്തതിന്റെ കാരണം രാജ്യത്തെ ജനങ്ങൾക്കറിയണമെന്നും ഖാർഗെ ട്വീറ്റുചെയ്തു.
  • രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഒഴിവാക്കിയത് ഗോത്രവിഭാഗങ്ങളെ അപമാനിക്കുന്നതാണെന്നാരോപിച്ച് വെള്ളിയാഴ്ച രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്ന് അഖിലേന്ത്യാ ആദിവാസി കോൺഗ്രസ് പ്രഖ്യാപിച്ചു.

Content Highlights: Why India's New Parliament Building Is So Controversial

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..