ദിഗ്‌വിജയ സിങ് | Photo: PTI
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിച്ചു. മത്സരിക്കാനില്ലെന്ന് രാഹുൽഗാന്ധി വ്യക്തമാക്കിയതിനാൽ 22 വർഷത്തിനു ശേഷം പാർട്ടിയുടെ ഉന്നതപദവിയിലേക്ക് മത്സരം ഉറപ്പായി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതിനെ നെഹ്രു കുടുംബത്തിന്റെ പ്രതിനിധിയായി നിർത്താൻ ശ്രമങ്ങൾ തുടരുകയാണ്.
വ്യാഴാഴ്ച കേരളത്തിൽ രാഹുലിനെ കണ്ട ഗഹ്‌ലോത് മുഖ്യമന്ത്രിസ്ഥാനം ഒഴിയില്ലെന്നതടക്കമുള്ള നിബന്ധനകളിൽ ഉറച്ചുനിൽക്കുന്നതായാണ് സൂചന. എന്നാലദ്ദേഹം ഒരു ഇംഗ്ളീഷ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ രണ്ടുപദവികളും ഒരുപോലെ വഹിക്കുക ബുദ്ധിമുട്ടാണെന്നാണ് പറഞ്ഞത്. ഇത് നിലപാട് മയപ്പെടുന്നതിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നുണ്ട്.
ഒരാൾക്ക് ഒരുപദവി എന്ന ഉദയ്‌പുർ ചിന്തൻ ശിബിരപ്രമേയം നിർബന്ധപൂർവം നടപ്പാക്കണമെന്ന അഭിപ്രായക്കാരനാണ് രാഹുൽഗാന്ധി. ഗഹ്‌ലോതിന്റെ നിലപാടിനെതിരേ വിമർശനവുമായി മറ്റൊരു പ്രമുഖനേതാവ് ദിഗ്വിജയ് സിങ്ങും രംഗത്തുവന്നു. അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുകയാണെങ്കിൽ ഗഹ്‌ലോതിനും ഒരുപദവി നയം ബാധകമായിരിക്കുമെന്ന് സിങ് പറഞ്ഞു.
ഗഹ്‌ലോത് നിർബന്ധം തുടരുകയാണെങ്കിൽ സിങ് മത്സരിക്കുമെന്ന തരത്തിലുള്ള അഭ്യൂഹം കഴിഞ്ഞദിവസങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, താൻ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തിൽ നാമനിർദേശപത്രിക സമർപ്പിക്കുന്നതിന്റെ അവസാന ദിനമായ സെപ്റ്റംബർ 30-ന് വ്യക്തമാവുമെന്നും കൂട്ടിച്ചേർത്തു. ഗഹ്‌ലോത് മത്സരിക്കുന്നില്ലെങ്കിൽ മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്‌നിക്, കമൽനാഥ് തുടങ്ങിയ പേരുകളും കേൾക്കുന്നുണ്ട്. തിരുത്തൽവാദി സ്ഥാനാർഥികളായി ശശി തരൂരിന്റെയും മനീഷ് തിവാരിയുടെയും പേരുകളുമുണ്ട്.
വിജ്ഞാപനപ്രകാരം 24 മുതൽ 30 വരെയാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം. ഒക്ടോബർ ഒന്നിന് സൂക്ഷ്മപരിശോധന നടക്കും. എട്ടുവരെ പിൻവലിക്കാം. സ്ഥാനാർഥികളുടെ അന്തിമപട്ടിക എട്ടിന് വൈകീട്ട് അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പ് 17-നും വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19-നും നടക്കും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..