നിതീഷ്‌കുമാർ | Photo: PTI
പട്ന: ബിഹാറിലെ ഭാഗൽപുരിൽ ഗംഗാ നദിക്കുമുകളിൽ നിർമിക്കുന്ന സുൽത്താൻഗഞ്ച്-അഗുവാനി ഘട്ട് നാലുവരിപ്പാലം തകർന്ന സംഭവത്തിൽ സംസ്ഥാനസർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാർക്കെതിരേ കടുത്ത നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാർ പറഞ്ഞു.
1700 കോടിരൂപ മുടക്കി നിർമിക്കുന്ന പാലം തകർന്നുവീണതിനു പിന്നാലെ പ്രതിപക്ഷമായ ബി.ജെ.പി.യും സർക്കാരും തമ്മിൽ രൂക്ഷമായ വാക്പോരും തുടങ്ങി. പാലത്തിൽ ഗുരതരതകരാറുകൾ കണ്ടെത്തിയിരുന്നെന്നും ആ ഭാഗങ്ങൾ ഘട്ടംഘട്ടമായി പൊളിച്ചുനീക്കുന്ന നടപടികൾ ആരംഭിച്ചിരുന്നെന്നും ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പത്രസമ്മേളനത്തിൽ പറഞ്ഞു. 2022 ഏപ്രിൽ 30-ന് പാലത്തിന്റെ ഒരുഭാഗം തകർന്നിരുന്നു. തുടർന്ന് റൂർക്കി െഎ.െഎ.ടി.യുടെ വിദഗ്ധാഭിപ്രായം തേടി. റിപ്പോർട്ട് ലഭിച്ചിട്ടില്ല. കാര്യമായ തകരാറുകൾ ഉണ്ടെന്നാണ് പഠനം നടത്തിയവർ അറിയിച്ചതെന്ന് റോഡുനിർമാണ വകുപ്പ് കൈകാര്യം ചെയ്യുന്ന തേജസ്വി യാദവ് പറഞ്ഞു.
ഖഗാരിയ-ഭഗൽപുർ ജില്ലകളെ ബന്ധിപ്പിക്കുന്ന 3.16 കിലോമീറ്റർ നീളംവരുന്ന പാലത്തിന്റെ നിർമാണം 2014-ലാണ് ആരംഭിച്ചത്. ബിഹാറിന്റെ വടക്ക്-തെക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കാൻ ഗംഗയിൽ നിർമിക്കുന്ന ആറാമത്തെ പാലമാണിത്. സുൽത്താൻഗഞ്ച് ഭാഗമാണ് കഴിഞ്ഞവർഷം തകർന്നത്. കഖരിയ ഭാഗത്ത് മൂന്നു തൂണുകളിലായി സ്ഥാപിച്ചിരുന്ന 30 സ്ലാബുകളാണ് ഞായറാഴ്ച വെള്ളത്തിൽ പതിച്ചത്. പാലം തകരുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
തേജസ്വി സത്യം മറച്ചുവെക്കുകയാണെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. ഗുരുതരതകരാർ കണ്ടെത്തിയിട്ടും എന്തിനാണ് നിർമാണം തുടർന്നതെന്ന് മുതിർന്ന ബി.ജെ.പി. നേതാവും മുൻമന്ത്രിയുമായ നിതിൻ നബിൻ ചോദിച്ചു. തേജസ്വി സത്യം പറയുന്നില്ലെന്നും കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പാലം തകർന്നുവീണശേഷം കാണാതായ സുരക്ഷാജീവനക്കാരൻ ചന്തൻ കുമാറിനായി തിരച്ചിൽ തുടരുകയാണ്.
Content Highlights: will take stringent action against those who are responsible for the collapse of bridge says nitish


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..