അമിത് ഷാ, സാക്ഷി മാലിക് | Photo: ANI, PTI
ന്യൂഡൽഹി: ലൈംഗികാതിക്രമ പരാതികളിൽ അന്വേഷണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അറസ്റ്റാവശ്യപ്പെട്ട് സമരം നടത്തുന്ന ഗുസ്തി താരങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ചനടത്തി. ശനിയാഴ്ച രാത്രി 11 മണിയോടെ ഷായുടെ വസതിയിലായിരുന്നു ഒരു മണിക്കൂർനീണ്ട കൂടിക്കാഴ്ച. ഇതിന്റെ വിശദാംശങ്ങൾ പുറത്തുപറയാൻ താരങ്ങളോ സർക്കാർ വൃത്തങ്ങളോ തയ്യാറായിട്ടില്ല.
ഗുസ്തിതാരങ്ങളായ ബജ്രംഗ് പൂണിയ, സംഗീത ഫൊഗട്ട്, സാക്ഷി മാലിക്, സാക്ഷിയുടെ ഭർത്താവ് സത്യവ്രത് കദിയാൻ എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. ബ്രിജ് ഭൂഷണെതിരേ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടതായാണ് സൂചന. നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് അമിത് ഷാ താരങ്ങൾക്ക് ഉറപ്പുനൽകിയതായും റിപ്പോർട്ടുണ്ട്.
കൂടിക്കാഴ്ചയിൽ തീരുമാനങ്ങളുണ്ടായിട്ടില്ലെന്ന് സാക്ഷി മാലിക് പിന്നീട് പറഞ്ഞു. ആവശ്യങ്ങൾ വിശദീകരിച്ചെങ്കിലും പ്രതീക്ഷിച്ച പ്രതികരണം മന്ത്രിയിൽനിന്ന് ലഭിച്ചില്ലെന്ന് സത്യവ്രത് കദിയാനും പ്രതികരിച്ചു.
ജോലിക്കൊപ്പം സമരം
സമരം നയിക്കുന്ന സാക്ഷി മാലിക്, ബജ്രംഗ് പൂണിയ, വിനേഷ് ഫൊഗട്ട് എന്നിവർ തിങ്കളാഴ്ച റെയിൽവേയിലെ ജോലിയിൽ തിരികെ പ്രവേശിച്ചു. റെയിൽവേയിൽ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരാണിവർ. സമരത്തിൽനിന്ന് പിൻവാങ്ങിയാണ് ജോലിയിൽ തിരികെ പ്രവേശിച്ചതെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നതോടെ ആരോപണങ്ങൾ നിഷേധിച്ച് സാക്ഷി മാലിക് രംഗത്തുവന്നു. ജോലിചെയ്യുന്നതിനോടൊപ്പം സമരവും തുടരുമെന്നും ഭീഷണിവേണ്ടെന്നും ട്വീറ്റുകളുമായി മറ്റ് താരങ്ങളും അണിനിരന്നു.
‘നീതിക്കായുള്ള പോരാട്ടത്തിൽ ഞങ്ങളാരും പിന്മാറിയിട്ടില്ല, പിന്മാറുകയുമില്ല. സത്യാഗ്രഹത്തോടൊപ്പം റെയിൽവേയിലെ ഉത്തരവാദിത്ത്വവും നിറവേറ്റുകയാണ്. നീതി ലഭിക്കുംവരെ ഞങ്ങളുടെ പോരാട്ടം തുടരും. ദയവുചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്’ -എന്ന വിശദീകരണമാണ് സാക്ഷി മാലിക് ട്വീറ്റിൽ നൽകിയത്.
‘ഞങ്ങളുടെ മെഡലുകൾക്ക് ഓരോന്നിനും 15 രൂപ വിലയുണ്ടെന്ന് പറഞ്ഞവർ ഇപ്പോൾ ഞങ്ങളുടെ ജോലിക്കുപിന്നാലെയാണ്. ഞങ്ങളുടെ ജീവിതം അപകടത്തിലാണ്. ഒരു ജോലി അതിന്റെമുന്നിൽ വളരെ ചെറിയ കാര്യമാണ്. ജോലി നീതിയുടെ വഴിയിൽ തടസ്സമാണെന്നു കണ്ടാൽ ഉപേക്ഷിക്കാൻ പത്തുസെക്കൻഡുപോലും എടുക്കില്ലെന്നും ഭീഷണിവേണ്ടെന്നും ബജ്രംഗ് പുണിയയും വിനീഷും ട്വീറ്റ് ചെയ്തു.
സർവ് സമാജ് സമർത്ഥൻ പഞ്ചായത്ത് സംഘടിപ്പിക്കും
പ്രതിഷേധം വ്യാപിപ്പിക്കാൻ താരങ്ങൾ മഹാപഞ്ചായത്ത് നടത്തുമെന്ന് ബജ്‍രംഗ് പുണിയ അറിയിച്ചു. ‘സർവ് സമാജ് സമർത്ഥൻ പഞ്ചായത്ത്’ എന്ന പേരിലുള്ള സമ്മേളനത്തിന്റെ തീയതിയും വേദിയും അടുത്തദിവസങ്ങളിൽ പ്രഖ്യാപിക്കും. താരങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കർഷകസംഘടനകൾ സർക്കാരിന് ഈ മാസം ഒമ്പതുവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..