ഗുസ്തി താരങ്ങളുടെ സമരം: ജീവന് ഭീഷണി- വനിതാ താരത്തിന്റെ അച്ഛന്‍


1 min read
Read later
Print
Share

ബ്രിജ്ഭൂഷണെതിരേ കൂടുതൽ ദൃക്‌സാക്ഷികളുടെ മൊഴികൾ പുറത്ത്

ബ്രിജ് ഭൂഷൺ | Photo: PTI

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ സിങ്ങിന്റെപേരിൽ ഉന്നയിച്ച ലൈംഗികാതിക്രമപരാതി വ്യാജമെന്ന പ്രസ്താവനയ്ക്കുപിന്നാലെ തനിക്കും കുടുംബത്തിനും സുരക്ഷാഭീഷണിയുണ്ടെന്ന് പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ പിതാവ്.

2022-ലെ അണ്ടർ 17 ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ ട്രയൽ മത്സരത്തിൽ തോൽപ്പിച്ചതിന്റെ വിദ്വേഷത്തിലാണ് ആദ്യം ആരോപണങ്ങൾ ഉന്നയിച്ചത്. പിന്നീടുണ്ടായ ദുരനുഭവങ്ങൾ തന്നെയും മകളെയും ഒരുപോലെ മാനസികസംഘർഷത്തിലാക്കിയെന്നും പോക്സോകേസിലെ പരാതിക്കാരൻകൂടിയായ പിതാവ് പറഞ്ഞു. തന്റെയും മകളുടെയും നിശ്ചയദാർഢ്യത്തെ ചോദ്യംചെയ്യുന്ന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പരാതി പിൻവലിക്കുകയല്ല, മജിസ്ട്രേറ്റിനുമുന്നിൽ മൊഴിമാറ്റുകയാണ് ചെയ്തതെന്നും താരത്തിന്റെ പിതാവ് വെളിപ്പെടുത്തി.

ഇതിനിടെ, ബ്രിജ്‌ഭൂഷണെതിരായ കേസിലെ കൂടുതൽ മൊഴികൾ പുറത്തുവന്നു. ബ്രിജ്ഭൂഷൺ വനിതാതാരങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നതിന് താൻ ദൃക്‌സാക്ഷിയാണെന്ന് അന്തർദേശീയ ഗുസ്തി റഫറി ജാബിർ സിങ് മൊഴിനൽകി. ബ്രിജ് ഭൂഷണെതിരേ മൊഴിനൽകിയ 125 പേരിൽ ഒരാളാണ് ജാബിർ. താരങ്ങളോട് ബ്രിജ്ഭൂഷൺ മോശമായി പെരുമാറുന്നതും അതിൽ താരങ്ങൾ അസ്വസ്ഥരാകുന്നതും താൻ കണ്ടിരുന്നതായും ജാബിർ സിങ്ങിന്റെ മൊഴിയിലുണ്ട്.

അന്വേഷണം നിയമത്തിന്റെ വഴിയിൽ പുരോഗമിക്കട്ടെയെന്നും വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും കേന്ദ്രകായികമന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.

താരങ്ങളുമായി തെളിവെടുപ്പ്

വിനേഷ് ഫൊഗട്ട് ഉൾപ്പെടെയുള്ള താരങ്ങളുമായി ഡൽഹി പോലീസ് ദേശീയ റെസ്‌ലിങ് ഫെഡറേഷന്റെ ഓഫീസിൽ തെളിവെടുപ്പ് നടത്തി. താരങ്ങളെ ബ്രിജ് ഭൂഷണിന്റെ വീട്ടിൽ കണ്ടെന്നതരത്തിലുള്ള വാർത്തകളും വെള്ളിയാഴ്ച പരന്നു. വാർത്തകൾ നിഷേധിച്ച വിനേഷ് ഫൊഗട്ട്, മസിൽപവറും രാഷ്ട്രീയശക്തിയും ഉപയോഗിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് വനിതാഗുസ്തിക്കാരെ ഉപദ്രവിക്കുന്ന തിരക്കിലാണ് ബ്രിജ്ഭൂഷണെന്ന് ട്വീറ്റ് ചെയ്തു.

അന്വേഷണത്തിൽ പ്രതീക്ഷയെന്ന് ബ്രിജ്ഭൂഷൺ

പോക്സോകേസിലെ മൊഴിമാറ്റത്തിൽ പ്രതികരണങ്ങൾക്കില്ലെന്ന് ബ്രിജ്ഭൂഷൺ പറഞ്ഞു. കാര്യങ്ങൾ കോടതിയുടെ പരിഗണനയിലാണ്. ജൂൺ 15-ന് കേസിലെ കുറ്റപത്രം സമർപ്പിക്കും. അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും ബ്രിജ് ഭൂഷൺ പ്രതികരിച്ചു.

Content Highlights: wrestlers protest brij bhushan singh

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..