ഗുസ്തി സമരം: പ്രായപൂർത്തിയാകാത്ത താരം വീണ്ടും മജിസ്ട്രേറ്റിന് മൊഴിനൽകി


2 min read
Read later
Print
Share

ബ്രിജ് ഭൂഷണിന്റെ വീടുകളിൽ പോലീസ് പരിശോധന

ബ്രിജ് ഭൂഷൺ | Photo: PTI

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ കേസിൽ മജിസ്ട്രേറ്റിനുമുന്നിൽ പ്രായപൂർത്തിയാകാത്ത വനിതാ ഗുസ്തിതാരം വീണ്ടും മൊഴിനൽകി. മേയ് 10-ന് പോലീസിനും മജിസ്ട്രേറ്റിനും മുമ്പാകെ ആദ്യം നൽകിയ മൊഴിക്കു പിന്നാലെയാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 164-ാം വകുപ്പുപ്രകാരം മജിസ്ട്രേറ്റിനുമുന്നിൽ വീണ്ടും മൊഴിനൽകിയത്. ആദ്യമൊഴി പിൻവലിച്ചതായി അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്.

ഫോട്ടോ എടുക്കാനെന്ന വ്യാജേന സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചെന്നും എതിർത്തപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് ബ്രിജ് ഭൂഷണെതിരേ പോക്സോ കേസിൽ പെൺകുട്ടി പോലീസിന് നൽകിയ ആദ്യമൊഴി. ഇതിൻപ്രകാരം പോക്സോ നിയമത്തിലെ 10-ാം വകുപ്പ്, ഐ.പി.സി. വകുപ്പ് 354, 354 എ, 354 ഡി, 34 എന്നീ വകുപ്പകൾ പ്രകാരമാണ് കേസെടുത്തത്. ഡൽഹി കൊണാട്പ്ലേസ് പോലീസ് സ്റ്റേഷനിലെ കേസിൽ പെൺകുട്ടിയുടെ അച്ഛനാണ് പരാതിക്കാരൻ.

ഇതിനിടെ ബ്രിജ് ഭൂഷണിന്റെ ഡൽഹി, ഗോണ്ട (ഉത്തർപ്രദേശ്) എന്നിവിടങ്ങളിലെ വീടുകളിൽ പോലീസ് ഞായർ, തിങ്കൾ ദിവസങ്ങളിൽ പരിശോധനനടത്തി. ബ്രിജ് ഭൂഷണിന്റെ ഡ്രൈവർ ഉൾപ്പെടെ 12 ജോലിക്കാരെ ചോദ്യംചെയ്തതായാണ് വിവരം. വീടുകളിൽ പോലീസ് സുരക്ഷയും ശക്തമാക്കി.

പ്രതിഷേധങ്ങളിൽനിന്ന് പിന്മാറി ബി.കെ.യു.

ഗുസ്തി താരങ്ങളോട് പിണങ്ങി ഭാരതീയ കിസാൻ യൂണിയൻ പ്രതിഷേധങ്ങളിൽനിന്ന് പിന്മാറി. തങ്ങളോട് കൂടിയാലോചന നടത്താതെ ശനിയാഴ്ച രാത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഗുസ്തി താരങ്ങൾ ചർച്ചനടത്തിയതാണ് കർഷകസംഘടനാ നേതാക്കളെ പ്രകോപിപ്പിച്ചത്. മാധ്യമങ്ങളിലൂടെയാണ് തങ്ങൾ കൂടിക്കാഴ്ചയുടെ വിവരങ്ങൾ അറിഞ്ഞതെന്ന് രാകേഷ് ടികായത്ത് പ്രതികരിച്ചു. ഈമാസം ഒമ്പതുമുതൽ പ്രതിഷേധവും റാലിയും നടത്തുമെന്ന പ്രഖ്യാപനത്തിൽനിന്നും ബി.കെ.യു. പിന്മാറി.

ഞായറാഴ്ച സോനിപ്പത്തിൽ രാഷ്ട്രീയ ലോക്ദൾ എം.പി. ജയന്ത് ചൗധരി, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്, ഭാരത് രാഷ്ട്ര കിസാൻ സമിതി നേതാവ് ഗുർനാം സിങ് ചതുനി, ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് തുടങ്ങിയവർ പങ്കെടുത്ത രാഷ്ട്രീയസമ്മേളനത്തിൽ ഗുസ്തി താരം ബജ്രംഗ് പുണിയ പങ്കെടുത്തതും കർഷകനേതാക്കളിൽ അതൃപ്തിയുണ്ടാക്കി.

കൂടിക്കാഴ്ചവിവരങ്ങൾ പങ്കുവെക്കരുതെന്ന് കേന്ദ്രനിർദേശം

ശനിയാഴ്ച ആഭ്യന്തരമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ ആരോടും പങ്കുവെക്കരുതെന്ന് കേന്ദ്രത്തിന്റെ നിർദേശമുള്ളതായി ഗുസ്തിതാരം ബജ്രംഗ് പുണിയ പറഞ്ഞു. അന്വേഷണം നടക്കട്ടെയെന്ന് മന്ത്രി പറഞ്ഞതായും സമരം തുടരുമെന്നും പുണിയ പറഞ്ഞു.

ആവശ്യങ്ങൾ അംഗീകരിക്കാത്ത സർക്കാരിന്റെ പ്രതികരണത്തിൽ തൃപ്തരല്ലെന്നും പ്രതിഷേധം തുടരുമെന്നും പുണിയ പറഞ്ഞു.

Content Highlights: wrestlers protest minor records fresh statement

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..