ഗംഗാനദിയിൽ മെഡലുകൾ ഒഴുക്കാനെത്തിയ ഗുസ്തിതാരങ്ങൾ മെഡൽ നെഞ്ചോടുചേർത്ത് നിൽക്കുന്നു
ന്യൂഡല്‍ഹി: ലോകവേദികളില്‍ ദേശീയഗാനം മുഴങ്ങുമ്പോൾ തലയുയര്‍ത്തിനിന്ന് മെഡലുകളണിഞ്ഞവര്‍ ഗംഗയുടെ തീരത്ത് കണ്ണീരണിഞ്ഞപ്പോള്‍ രാജ്യം ലോകത്തിനുമുന്നില്‍ അപമാനഭാരത്തില്‍ തലകുനിച്ചു. ഒമ്പതാംവാര്‍ഷികാഘോഷങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയ അവകാശവാദങ്ങളുടെ കൊടിക്കൂറകള്‍ ഗുസ്തിതാരങ്ങളായ പെണ്‍കുട്ടികളുടെ കണ്ണീരില്‍ നിറംകെട്ടു. മകളെ രക്ഷിക്കൂ, മകളെ പഠിപ്പിക്കൂ (ബേട്ടി ബചാവോ, ബേട്ടി പഠാവോ) എന്ന മുദ്രാവാക്യം സൃഷ്ടിച്ച മന്ത്രാലയങ്ങള്‍ക്കരികെ അഞ്ചുമാസമായി നീതിയും സുരക്ഷയുംതേടി രാജ്യത്തിന്റെ അഭിമാനതാരങ്ങള്‍ നടത്തിയ സമരത്തിനുമുന്നില്‍ കണ്ണടച്ച ഭരണയന്ത്രങ്ങള്‍ക്ക് എണ്ണവറ്റി.
പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ പൊരിവെയിലില്‍ വലിച്ചിഴയ്ക്കപ്പെട്ടപ്പോള്‍, കുറ്റാരോപിതന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തണുപ്പില്‍ അഭയംകൊടുത്ത ബി.ജെ.പി.ക്കും ക്ഷീണം. ഗുസ്തി ഫെഡറേഷന്‍ നേതാവും ബി.ജെ.പി.യുടെ ലോക്‌സഭാംഗവുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍സിങ് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് തെളിവുസഹിതം ചൂണ്ടിക്കാട്ടി നടപടി ആവശ്യപ്പെട്ട് താരങ്ങള്‍ ജനുവരിമുതല്‍ നടത്തുന്ന സമരമാണ് കണ്ണീരുകലര്‍ന്ന് അപമാനത്തിന്റെ പുതിയ ഭൂപടം രചിച്ചത്.
ഹരിയാണയിലെ ബലാലിഗ്രാമത്തില്‍ പട്ടിണിയുടെ ഗോദയില്‍ പരിശീലിച്ച് പ്രതിസന്ധികളോട് ഏറ്റുമുട്ടി ലോകവേദികളില്‍ രാജ്യത്തിനായി കൈകൊരുത്ത പെണ്‍കുട്ടികള്‍ നേരിട്ട കൊടുംപീഡനങ്ങളെക്കുറിച്ചുള്ള പരാതികള്‍ അധികാരികള്‍ കേട്ടമട്ട് കാട്ടിയതേയില്ല. അഹങ്കാരത്തിന്റെയും ആണധികാരത്തിന്റെയും അശ്ലീലം നിറഞ്ഞ ഇടപെടലുകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഇരയാക്കപ്പെട്ടുവെന്ന ക്രൂരതയും മനസ്സലിയിച്ചില്ല. പെണ്‍മക്കളെ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടക്കിപ്പിടിച്ച ഈ കരച്ചിലുകള്‍ കണ്ടില്ലെന്നുനടിച്ച് മുഖംതിരിച്ചു.
മേയ് 28-ന് സമരപ്പന്തലില്‍നിന്ന് പോലീസ് താരങ്ങളെ നിരത്തില്‍ വലിച്ചിഴച്ചപ്പോള്‍ കുറ്റാരോപിതനായ ബ്രിജ് ഭൂഷണ്‍ അരകിലോമീറ്റര്‍മാത്രം അകലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു -ജനാധിപത്യചരിത്രത്തില്‍ മറ്റൊരു മായാകളങ്കംപോലെ. പോക്സോ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ നിലവിലുള്ള രാജ്യത്ത്, കേസെടുത്തിട്ടും കോടതി പറഞ്ഞിട്ടും കുറ്റവാളികള്‍ ഭരണത്തിന്റെ കണ്‍മുനയില്‍ അഴിഞ്ഞാടുമ്പോള്‍ നീതിയും അരക്ഷിതാവസ്ഥയിലായി.
ഒടുവില്‍, ഗംഗയുടെ ഓളങ്ങള്‍ക്ക് മെഡലുകള്‍ നല്‍കാന്‍ താരങ്ങള്‍ ആലോചിച്ചത് കാല്പനികഭംഗിയുള്ള ഏതെങ്കിലും തിരക്കഥയുടെ ഭാഗമായല്ല. പകരം നിസ്സഹായതയുടെ കര്‍ശനപ്രേരണയിലാണ്. ‘ഗംഗയെ നമ്മൾ എത്രത്തോളം പവിത്രമായി കണക്കാക്കുന്നുവോ അത്രത്തോളം പവിത്രമായ കഠിനാധ്വാനത്തിലൂടെയാണ് ഈ മെഡലുകള്‍ നേടിയത്. ഇത് സൂക്ഷിക്കാനുള്ള ശരിയായ സ്ഥലം വിശുദ്ധഗംഗാമാതാവാണ്’ എന്ന ഗുസ്തിതാരം സാക്ഷി മാലികിന്റെ തുറന്ന കത്തിലെ പരാമര്‍ശത്തില്‍ ഈ സങ്കടങ്ങളുടെ മഹാനദിയുണ്ട്. ഒമ്പതുവര്‍ഷമായി പാവപ്പെട്ടവരുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ പരിശ്രമിച്ചെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം സാക്ഷി മാലിക്കിന്റെ തുറന്ന കത്തില്‍ മുനമടക്കി. കുറ്റവാളികള്‍ക്ക് സുഖതാവളം തീര്‍ക്കുന്ന പതിവ് രാഷ്ട്രീയചേരുവകളില്‍ തളംകെട്ടാതെ ഭരണകൂടം ഈ കരച്ചിലുകള്‍ക്ക് കാതുകൊടുത്തില്ലെങ്കില്‍, കര്‍ഷകസമരത്തിന്റെ വീര്യംചോരാത്ത മണ്ണില്‍നിന്നെത്തുന്ന സമരം തോറ്റുമടങ്ങാനിടയില്ല.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..