സമരച്ചൂടിലും മിണ്ടാതെ കേന്ദ്രം


1 min read
Read later
Print
Share

താരങ്ങൾ കാത്തിരിക്കണമെന്ന് അനുരാഗ് ഠാക്കൂർ -ഹരിയാണ ബി.ജെ.പി.യിൽ ഭിന്നാഭിപ്രായം -ഇന്ന് മഹാപ്രതിഷേധം -ഇന്ത്യാഗേറ്റിൽ കനത്ത സുരക്ഷ

ബ്രിജ്ഭൂഷൺ ശരൺ സിങ് | ഫോട്ടോ എ.എൻ.ഐ

ന്യൂഡല്‍ഹി: ഗുസ്തിതാരങ്ങളുടെ സമരച്ചൂട് രാഷ്ട്രീയഗോദയിലേക്ക് പടർന്നിട്ടും കേന്ദ്രസര്‍ക്കാരിന് മൗനം. ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബി.ജെ.പി. എം.പി.യുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമപരാതികളില്‍ നടപടിയാവശ്യപ്പെട്ട് താരങ്ങൾ ഡൽഹിയിൽ സമരം തുടങ്ങിയത് അഞ്ചുമാസംമുമ്പാണ്. രണ്ടാംഘട്ടത്തിൽ സമരം അതിതീവ്രമായി. സമരത്തിന്റെ മുൻനിരയിലുള്ള അന്താരാഷ്ട്രതാരങ്ങളായ ബജ്‌രംഗ് പുണിയ, സാക്ഷി മാലിക്, വിനേഷ് ഫൊഗട്ട് എന്നിവർ ചൊവ്വാഴ്ച ഒളിമ്പിക് മെഡലുകൾ ഉൾപ്പെടെ ഗംഗയിലൊഴുക്കാന്‍ ഒരുങ്ങിയിട്ടും സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മെഡൽ നദിയിലൊഴുക്കാനെത്തിയവരെ കർഷകസംഘടനാനേതാക്കൾ പിന്തിരിപ്പിച്ച് അയച്ചെങ്കിലും താരങ്ങൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പിന്തുണയുയർന്നു. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഭാരതീയ കിസാന്‍ മോര്‍ച്ച വ്യാഴാഴ്ച രാജ്യവ്യാപക പ്രക്ഷോഭം നടത്തും. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രാജ്യസഭാംഗം കപില്‍ സിബലും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. കൊല്‍ക്കത്തയില്‍ ബുധനാഴ്ച സംഘടിപ്പിച്ച ഐക്യദാര്‍ഢ്യറാലിയില്‍ മമത പങ്കെടുത്തു.

അതേസമയം, കേന്ദ്രം കായികമേഖലയ്ക്കും കായികതാരങ്ങള്‍ക്കും അനുകൂലമാണെന്നും കായികമേഖലയ്ക്ക് ഹാനികരമായ കാര്യം ചെയ്യാതെ താരങ്ങള്‍ കാത്തിരിക്കണമെന്നും കേന്ദ്രകായികമന്ത്രി അനുരാഗ് ഠാക്കൂര്‍ ബുധനാഴ്ച പറഞ്ഞു. കേസ് അന്വേഷണത്തിന്റെ തത്‌സ്ഥിതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ഡല്‍ഹി പോലീസ് ബുധനാഴ്ച അറിയിച്ചു. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ ഇന്ത്യാഗേറ്റിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.

ഗുസ്തിതാരങ്ങളുടെ സമരം ഹരിയാണയിലും പടിഞ്ഞാറന്‍ യു.പി.യിലും രാഷ്ട്രീയവിഷയമായി മാറി. വിഷയം ബി.ജെ.പി.ക്കുള്ളിലും ഭിന്നാഭിപ്രായങ്ങൾക്ക് വഴിതുറന്നു. ഹരിയാണയില്‍നിന്നുള്ള ബി.ജെ.പി. ലോക്‌സഭാംഗം ബ്രിജേന്ദ്രസിങ്, സമരത്തെ പിന്തുണച്ച് രംഗത്തുവന്നു. മെഡലുകള്‍ ഗംഗയിലെറിയാനെടുത്ത തീരുമാനം വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രശ്നം പരിഹരിക്കാൻ സർക്കാരിന് അഞ്ചുദിവസത്തെ സമയം നൽകിക്കൊണ്ടാണ് മെഡൽ ഗംഗയിലെറിയാനുള്ള തീരുമാനത്തിൽനിന്ന് താരങ്ങൾ പിൻവാങ്ങിയത്.

നാടകമെന്ന് ബ്രിജ്ഭൂഷണ്‍

പീഡനാരോപണത്തിന് തെളിവുകൾ നൽകാതെ താരങ്ങൾ നാടകം കളിക്കുകയാണെന്ന് ആരോപണവിധേയനായ എം.പി. ബ്രിജ് ഭൂഷൺ സിങ്. പോക്സോനിയമം ഭേദഗതിചെയ്യണമെന്ന് ബുധനാഴ്ചയും അദ്ദേഹം ആവശ്യപ്പെട്ടു. നിരപരാധിയാണെന്നും ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ തൂങ്ങിമരിക്കാൻ തയ്യാറാണെന്നും യു.പി.യിലെ ബാരാബങ്കിയില്‍ റാലിയെ അഭിസംബോധനചെയ്യവേ അദ്ദേഹം പറഞ്ഞു. ശക്തിപ്രകടനത്തിനായി ജൂണ്‍ അഞ്ചിന് റാലി പ്രഖ്യാപിച്ചിട്ടുമുണ്ട്.

Content Highlights: wrestlers protest The central government is silent

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..