കെ.എസ്.ആർ.ടി.സി.ബസിടിച്ച് പരിക്കേറ്റ ഉദ്യോഗസ്ഥയ്ക്ക് 1.77കോടി രൂപ നഷ്ടപരിഹാരം


പ്രതീകാത്മക ചിത്രം | Mathrubhumi archives

പത്തനംതിട്ട: കെ.എസ്.ആർ.ടി.സി. ബസിടിച്ച് പരിക്കേറ്റ പ്രതിരോധവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് 1,77,73,083 രൂപ നഷ്ടപരിഹാരം. പത്തനംതിട്ട എം.എ.സി.ടി. കോടതി ജഡ്ജി എസ്.രാധാകൃഷ്ണന്റേതാണ് ഉത്തരവ്. ആറന്മുള ഇടശേരിമല മാവുനിൽക്കുന്നതിൽ വിശ്വനാഥൻ നായരുടെ ഭാര്യ ഗീതാകുമാരിക്കാണ് (49) നഷ്ടപരിഹാരത്തുക ലഭിക്കുന്നത്.

2019 മാർച്ച് 19-ന് കോഴഞ്ചേരി തെക്കേമലയിൽനിന്ന് ഇടശേരിമലയ്ക്ക് പോകുകയായിരുന്ന ഗീതാകുമാരിയുടെ സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ ഇടിക്കുകയായിരുന്നു.

ആറന്മുളയിൽവെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഗീതാകുമാരി അഞ്ചുമാസത്തോളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. തുടർന്ന് വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോഴും ആരോഗ്യനില വീണ്ടെടുത്തിട്ടില്ല.

പ്രതിരോധവകുപ്പിൽ സീനിയർ ഒാഡിറ്ററായിരുന്നു. അപകടമുണ്ടായി 10 മാസമായപ്പോഴേക്കും ഗീതാകുമാരിയെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. മകൻ ജിതിൻ വി.നായർ നഷ്ടപരിഹാരമാവശ്യപ്പെട്ട് വാഹനാപകട ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.

ഗീതാകുമാരിയെ സർവീസിൽനിന്ന് പിരിച്ചുവിട്ടെങ്കിലും പെൻഷനും ആനുകൂല്യങ്ങളും ലഭിക്കുന്നതിനാൽ അപകടം നടന്നതുമുതൽ റിട്ടയർ ചെയ്തതുവരെയുള്ള കാലയളവിലെ ശമ്പളം മാത്രമേ നഷ്ടപരിഹാരമായി നൽകാൻ കഴിയൂവെന്നായിരുന്നു കെ.എസ്.ആർ.ടി.സി.യുടെ ഇൻഷുറൻസ് കമ്പനിയുടെ വാദം.

എന്നാൽ, കോടതി ഇത് തള്ളി. 1,36,45,018 രൂപ നഷ്ടപരിഹാരമായും ഒൻപത് ശതമാനം പലിശയും കോടതിച്ചെലവും ചേർത്തുള്ള തുകയാണ് നൽകേണ്ടത്. ഹർജിക്കാർക്കുവേണ്ടി അഡ്വ. മാത്യു ജോർജ്, കെ.കെ.ഹരികുമാർ എന്നിവർ ഹാജരായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..