തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വങ്ങൾക്കു നഷ്ടപ്പെട്ടത് 25,000 ഏക്കറിലധികം ഭൂമി


1 min read
Read later
Print
Share

ഏറ്റവും കൂടുതൽ നഷ്ടം മലബാറിന്

ആലപ്പുഴ: ദേവസ്വംബോർഡുക്ഷേത്രങ്ങൾക്ക്‌ 25,000 ഏക്കറിലധികം ഭൂമി നഷ്ടപ്പെട്ടെന്നു ബന്ധപ്പെട്ട ബോർഡുകളുടെ സർവേയിൽ കണ്ടെത്തി. മലബാർ ദേവസ്വംബോർഡ് ക്ഷേത്രങ്ങളുടെ ഭൂമിയാണ് ഏറ്റവുമധികം നഷ്ടപ്പെട്ടത്. അവിടെ കൈവശമുള്ളത് 3,112.20 ഏക്കർ ഭൂമിയാണെങ്കിൽ നഷ്ടപ്പെട്ടത് 24,693.24 ഏക്കറാണ്. തിരുവിതാംകൂർ ദേവസ്വംബോർഡിനു 2,281 ഏക്കർ ഭൂമിയിൽ 494 ഏക്കർ അന്യാധീനപ്പെട്ടു.

മലബാർ ദേവസ്വം ബോർഡിനുകീഴിൽ 1,341 ക്ഷേത്രങ്ങളാണുള്ളത്. ഈ ക്ഷേത്രങ്ങളിൽ നടത്തിയ സർവേയിലാണു 3,112.20 ഏക്കർ ഭൂമി കൈവശമുണ്ടെന്നു കണ്ടെത്തിയത്. ഇവിടത്തെ 1,123 ക്ഷേത്രങ്ങളുടെ ഭൂമിയാണു നഷ്ടപ്പെട്ടത്.

കൊച്ചി ദേവസ്വംബോർഡിന്റെ കൈവശം എത്ര ഭൂമിയാണുള്ളതെന്നു തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ അന്യാധീനപ്പെട്ട ഭൂമിയെത്രയെന്നും നിശ്ചയമില്ല. സംസ്ഥാനത്ത് ഏറ്റവും വിലയേറിയ ഭൂമിയുള്ളതു കൊച്ചി ദേവസ്വംബോർഡിനാണ്.

കൂടൽമാണിക്യം ദേവസ്വത്തിൽ 276.19 ഏക്കർ ഭൂമിയുണ്ട്. ഇതിൽ 18.32 ഏക്കർ അന്യാധീനപ്പെട്ടു. ഇതു തിരിച്ചുപിടിക്കുന്നതിനുള്ള നടപടിയെടുത്തുവരുന്നു.

ഗുരുവായൂർ ദേവസ്വത്തിനു 268 ഏക്കർ ഭൂമിയാണുള്ളത്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സംരക്ഷിക്കുന്നതിനായി തഹസിൽദാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ടെന്ന് അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ പറഞ്ഞു.

നഷ്ടപ്പെട്ടഭൂമി തിരിച്ചുപിടിക്കുന്നതിനുവേണ്ടി ബോർഡ്‌ ഭരണസമിതികൾ സർക്കാരിന്റെ സഹായം അഭ്യർഥിച്ചിരുന്നു. ഇതനുസരിച്ച് ദേവസ്വം ബോർഡുകൾക്കു റവന്യുവകുപ്പിന്റെ സഹായം വിട്ടുനൽകി. സ്പെഷ്യൽ തഹസിൽദാർ ഉൾപ്പെടുന്ന ഉദ്യോഗസ്ഥസംഘത്തെയാണു നൽകിയത്. എന്നാൽ, പത്തുവർഷത്തിലധികമായിട്ടും കാര്യമായപ്രയോജനം ക്ഷേത്രങ്ങൾക്കും ബോർഡുകൾക്കും കിട്ടിയിട്ടില്ല.

സർക്കാർ ഇടപെടാതെ പറ്റില്ല

മലബാർ ദേവസ്വം ബോർഡിന്റെ ഭൂമി വീണ്ടെടുക്കുന്നതിനുമാത്രമായി പ്രത്യേക റവന്യുവിഭാഗം പ്രവർത്തിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഭാരിച്ചബാധ്യതയുള്ളതിനാൽ സർക്കാർസഹായം വേണമെന്നു കമ്മിഷണർ എ.എൻ. നീലകണ്ഠൻ പറഞ്ഞു. വിട്ടുനൽകുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണം പൂർണമായി ദേവസ്വംബോർഡിനുണ്ടെങ്കിലേ വേഗത്തിൽ നടപടിയുണ്ടാകൂ. കൊച്ചി ദേവസ്വം ബോർഡിനുവേണ്ടി പ്രവർത്തിക്കാനെത്തിയ ഉദ്യോഗസ്ഥരെക്കൊണ്ടു വേണ്ടത്രപ്രയോജനം ലഭിച്ചില്ലെന്നു സ്പെഷ്യൽ കമ്മിഷണർ എൻ. ജ്യോതി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..