നടപടി രാഷ്ട്രീയം നോക്കി; ഭക്ഷ്യകമ്മിഷനെ നോക്കുകുത്തിയാക്കുന്നു


1 min read
Read later
Print
Share

റേഷൻ ക്രമക്കേട്

ആലപ്പുഴ: റേഷൻക്രമക്കേടുകളിൽ ഉൾപ്പെട്ടവർക്കെതിരേ നടപടിയെടുക്കുന്നതിൽ പൊതുവിതരണവകുപ്പു രാഷ്ട്രീയംനോക്കുന്നതായി ആക്ഷേപം. സംസ്ഥാന ഭക്ഷ്യകമ്മിഷൻ ഉത്തരവിട്ട കേസുകളിൽപ്പോലും സി.പി.ഐ. അനുകൂലസംഘടനയിൽപ്പെട്ടവരോ നേതാക്കളോ കുറ്റക്കാരാണെങ്കിൽ നടപടിയെടുക്കുന്നില്ല. ജില്ലാതലത്തിലെ ഉന്നതനേതാക്കളുടെ സമ്മർദമാണു കാരണം. കമ്മിഷൻ കണ്ടെത്തലുകൾ അവഗണിച്ച്, സമാന്തരാന്വേഷണം നടത്തി കുറ്റക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങളും നടന്നു.

പാലക്കാട് മലമ്പുഴ ആനക്കല്ല് ആദിവാസി കോളനിയിലെ റേഷൻക്രമക്കേടുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ ഉത്തരവിൽ കമ്മിഷൻതന്നെ പരോക്ഷമായി ഇക്കാര്യം വ്യക്തമാക്കുന്നു. 2021 ഫെബ്രുവരിയിൽ കണ്ടെത്തിയ ക്രമക്കേടിൽ ഒരുവർഷമായിട്ടും നടപടിയെടുക്കാത്തതിൽ കമ്മിഷനുള്ള അതൃപ്തിയും പ്രകടമാണ്.

കോളനിയിലെ എ.എ.വൈ. വിഭാഗത്തിൽപ്പെട്ട സ്ത്രീക്ക് 30 കിലോ അരിക്കുപകരം 20 കിലോ മാത്രമാണു റേഷൻകടക്കാരൻ നൽകിയത്. അരി തികയാഞ്ഞ് വീണ്ടും കടയിലെത്തി. 10 കിലോ കൂടി നൽകിയെങ്കിലും കിലോയ്‌ക്ക്‌ 22 രൂപവീതം ഈടാക്കി. 30 കിലോ അരിയും അഞ്ചുകിലോ ഗോതമ്പും സൗജന്യമായി കിട്ടേണ്ട സ്ഥാനത്താണിത്. ആദിവാസിസ്ത്രീയെ നേരിട്ടുകണ്ട് കമ്മിഷൻ നടത്തിയ തെളിവെടുപ്പിലാണു കടക്കാരൻ ക്രമക്കേടു നടത്തിയെന്നു വ്യക്തമായത്. ഇതേത്തുടർന്നു നടപടിക്കു ശുപാർശ ചെയ്തു.

കമ്മിഷൻറെ കണ്ടെത്തൽ ആദ്യം ശരിവെച്ച പൊതുവിതരണവകുപ്പുദ്യോഗസ്ഥർ പിന്നീട്, സമാന്തരാന്വേഷണം നടത്തി. സ്ത്രീക്കു തെറ്റുപറ്റിയതാണെന്നും വിഹിതം പൂർണമായും കിട്ടിയിട്ടുണ്ടെന്നുമായിരുന്നു ആ റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ, സൗജന്യമായി നൽകേണ്ട അരിക്ക് 22 രൂപ ഈടാക്കിയതിനെപ്പറ്റി പരാമർശമില്ലായിരുന്നു.

റേഷൻകടക്കാരനെ രക്ഷിക്കാനാണ് റേഷനിങ് ഇൻസ്‌പെക്ടറും താലൂക്ക് സപ്ലൈഓഫീസറും പുതിയ അന്വേഷണറിപ്പോർട്ട് സമർപ്പിച്ചതെന്നു സി.പി.ഐ. അംഗങ്ങൾക്കൂടി ഉൾപ്പെട്ട കമ്മിഷനു ബോധ്യമായി. തുടർന്ന്, ഈ അന്വേഷണറിപ്പോർട്ടുതള്ളി റേഷൻ കടക്കാരൻ, റേഷനിങ് ഇൻസ്‌പെക്ടർ, ടി.എസ്.ഒ. എന്നിവർക്കെതിരേ പൊതുവിതരണവകുപ്പ് ഡയറക്ടറോടു നടപടിയെടുക്കാൻ ഉത്തരവിട്ടു. 2021 നവംബർ 25-നായിരുന്നിത്. എന്നാൽ, മാസം മൂന്നുകഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.

ക്രമക്കേടുനടത്തിയ റേഷൻകടയുടമ സി.പി.ഐ. നേതാവും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ സി.പി.ഐ. അനുകൂല സംഘടനയിൽപ്പെട്ടവരുമായതാണു ഇതിനു കാരണമെന്നാണാക്ഷേപം. ഇത്തരം സംഭവങ്ങൾ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും മുൻപും ഉണ്ടായിട്ടുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..