കൊച്ചി: തിരുവനന്തപുരം പ്ലസ് മാക്സ് മദ്യക്കടത്ത് കേസിൽ വിമാനയാത്രക്കാരുടെ വിവരങ്ങൾ വിദേശക്കമ്പനിക്ക് കസ്റ്റംസ് ഉദ്യോഗസ്ഥൻ ചോർത്തിനൽകിയത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കസ്റ്റംസ് അന്വേഷണ സംഘം. ഈ കേസിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്നും കസ്റ്റംസ് അറിയിച്ചു. കേസിൽ അറസ്റ്റിലായ കസ്റ്റംസ് സുപ്രണ്ടന്റ് ലൂക്ക് കെ. ജോർജിന്റെ ജാമ്യപേക്ഷയെ എതിർത്തുകൊണ്ട് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് സാമ്പത്തിക കുറ്റങ്ങൾ പരിഗണിക്കുന്ന കോടതിയിൽ നൽകിയ റിപ്പോർട്ടിലാണിതുള്ളത്.
13,000 യാത്രക്കാരുടെ പാസ്പോർട്ട് വിശദാംശങ്ങൾ മലേഷ്യ ആസ്ഥാനമായുള്ള ഒരു അന്താരാഷ്ട്ര കമ്പനിക്ക് കൈമാറി എന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണ്.
വിമാന യാത്രക്കാരന്റെ പാസ്പോർട്ട് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും യാത്രക്കാരൻ അറിയാതെ ഉപയോഗിച്ച് മയക്കുമരുന്നും മറ്റ് നിരോധിത വസ്തുക്കളും കടത്തുന്നതിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇതിനാൽ, യാത്രക്കാരുടെ വിവരങ്ങൾ ലൂക്ക് ആർക്കാണ് കൈമാറിയത് എന്നതിൽ വിശദമായ അന്വേഷണം വേണമെന്നും ജാമ്യം നൽകരുതെന്നും കസ്റ്റംസ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
അറസ്റ്റ് ചെയ്ത് ചോദ്യംചെയ്യുമ്പോൾ ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുന്നതായി ലൂക്ക് അറിയിച്ചിരുന്നു. എന്നാൽ, ചോദ്യംചെയ്യലിൽ യാതൊരു സമ്മർദവും ചെലുത്തിയില്ലെന്ന് കസ്റ്റംസ് പറഞ്ഞു. ലൂക്കിന്റെ മൊഴി രേഖപ്പെടുത്തുന്നതിന്റെ മുഴുവൻ നടപടികളും വീഡിയോ റെക്കോഡിങ് നടത്തിയിട്ടുണ്ട്. ഇതിന്റെ പകർപ്പ് മുദ്രവച്ച കവറിൽ, ആവശ്യമുള്ളപ്പോൾ കോടതിയിൽ സമർപ്പിക്കാമെന്നും കസ്റ്റംസ് അറിയിച്ചു.
ലൂക്ക് അന്വേഷണ ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത വിവരവും കസ്റ്റംസ് കോടതിയിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
നേരത്തെ 2019-ൽ ലൂക്ക് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ ഫയൽ ചെയ്തിരുന്നു. ഇത് ഹൈക്കോടതി തള്ളിയിരുന്നു. തിങ്കളാഴ്ച കസ്റ്റംസ് ലൂക്കിനെ കസ്റ്റഡിയിൽ ആവശ്യപ്പെടും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..