കോട്ടയം: പല ആശുപത്രികളിലെ ചികിത്സയും 22 ശസ്ത്രക്രിയകളും കഴിഞ്ഞെങ്കിലും ഒന്നെഴുന്നേറ്റ് നിൽക്കാനോ നടക്കാനോ വിനീത് വിഷ്ണുവി(33)ന് കഴിയുന്നില്ല.
2014-ൽ സുഹൃത്തിനെക്കൂട്ടി ബൈക്കിൽ പോകവേ മിനിലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടമാണ് വിനീതിന്റെ ജീവിതഗതി മാറ്റിയത്. സുഹൃത്ത് അപകടസ്ഥലത്തുതന്നെ മരിച്ചു. ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ വിനീത് ആശുപത്രിയിലായി. ചികിത്സയ്ക്ക് പണം കണ്ടെത്താൻ സ്വന്തംവീടും സ്ഥലവും വിൽക്കേണ്ടിവന്നു. ഇതേവരെ എട്ടുലക്ഷത്തിലേറെ രൂപ ചെലവായി.
ഫെയ്സ് ബുക്ക് കൂട്ടായ്മ മറവൻതുരുത്ത് അപ്പക്കോട്ട് കോളനിയിൽ വാങ്ങിനൽകിയ വീട്ടിലാണിപ്പോൾ താമസം. കെട്ടിടംപണിക്ക് പോയിരുന്ന അച്ഛൻ വിഷ്ണുവിന് പക്ഷാഘാതം വന്ന് ചികിത്സയിലാണ്. അസുഖബാധിതയെങ്കിലും അമ്മ വിലാസിനി തൊഴിലുറപ്പ് ജോലിക്ക് പോകുന്നു. വിവാഹിതയായ ഇളയ സഹോദരി ഇപ്പോൾ സഹായത്തിന് ഒപ്പമുണ്ട്.
ഇടുപ്പെല്ല് മാറ്റിവെച്ചാൽ നടക്കാമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. അതിനായി, രണ്ടരലക്ഷം രൂപ എങ്ങനെ കണ്ടെത്തുമെന്ന സങ്കടത്തിലാണ് വിനീത്. ‘എട്ടുവർഷമായി ഒരുരൂപയുടെ വരുമാനമില്ല. നടക്കാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നത്. എന്റെ പ്രയാസങ്ങൾ മനസ്സിലാക്കുന്നവർ സഹായിക്കുമെന്നാണ് വിശ്വാസം’-വിനീത് പ്രതീക്ഷ കൈവിടാതെ പറയുന്നു.
മറവൻതുരുത്ത് ഗ്രാമപ്പഞ്ചായത്തംഗം കെ.എസ്.ബിജുമോന്റെ നേതൃത്വത്തിൽ എസ്.ബി.ഐ. കുലശേഖരമംഗലം ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67197507835. ഐ.എഫ്.എസ്.സി. SBIN0070354, ഗൂഗിൾ പേ നമ്പർ: 8943313732.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..