ഇക്കോ ബ്രിക്സ്: കുപ്പിയിലാക്കിയത് രണ്ടരടൺ പ്ലാസ്റ്റിക്


2 min read
Read later
Print
Share

കൊല്ലം : ഏഴുമാസത്തെ പ്രവർത്തനംകൊണ്ട് ‘ഓർമ’ ഇക്കോ ബ്രിക്സ് കുപ്പിയിലാക്കിയത് രണ്ടരടൺ പ്ലാസ്റ്റിക് മാലിന്യം. 8183 പ്ലാസ്റ്റിക് കുപ്പികളാണ് ഇതിന് ഉപയോഗിച്ചത്. 10 ഇരിപ്പിടങ്ങളും ഇതിനകം തീർത്തു.

പുഴകളിൽ ഒഴുകിനടക്കുകയോ കടലിൽ മത്സ്യസമ്പത്തിനു ഭീഷണിയാകുകയോ ചെയ്യുമായിരുന്ന ഇത്രയും പ്ലാസ്റ്റിക്ക് ഇങ്ങനെയെങ്കിലും ഒതുക്കാനായതിന്റെ ചാരിതാർഥ്യത്തിലാണ് ഇതിന്റെ അണിയറപ്രവർത്തകർ. ഓഖി ദുരിതബാധിതരുടെ പുനരധിവാസവും കടലിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തടയിടലും ലക്ഷ്യമാക്കി ഏലിയാസ് ജോണിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കേന്ദ്രീകരിച്ച്‌ തുടങ്ങിയ സന്നദ്ധസംഘടനയാണ് ‘ഓർമ’.

കാരി ബാഗുകളും മിഠായിക്കവറുകളുമടക്കം ആളുകൾ വലിച്ചെറിയുന്ന പുനഃചംക്രമണത്തിനു പറ്റാത്ത പ്ളാസ്റ്റിക് മാലിന്യങ്ങൾ കഴുകിയുണക്കി കുപ്പികളിൽ കുത്തിനിറച്ച് മൂടിയിടും. മതിലുനിർമാണത്തിനും സ്കൂൾ നിർമാണത്തിനും പാർക്കിലെ ബെഞ്ച്‌ പണിയാനുമെല്ലാം ഇവ ഉപയോഗിക്കാം. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലെ കെൻസാനിസ് കളക്‌ഷൻ ഇത്തരം ഇക്കോ ബ്രിക്സുകൊണ്ട് സ്കൂൾ പൂർത്തിയാക്കിയെന്ന വാർത്തയായിരുന്നു ഇവരുടെ പ്രചോദനം. കൊല്ലത്ത് ഉളിയക്കോവിൽ നിത്യപ്രഭ െറസിഡൻറ്‌സ് അസോസിയേഷനിൽ വീട്ടുകാരും കുട്ടികളും ചേർന്ന് ഇക്കോ ബ്രിക്സ് നിർമാണം ആരംഭിച്ചിരുന്നു. കൊല്ലത്തുതന്നെ കാപ്പെക്സിന്റെ െകാമേഴ്സ്യൽ മാനേജർ സന്തോഷ് ഇത്തരം ബ്രിക്സ് ഉപയോഗിച്ച് മതിലും കെട്ടി.

ചെല്ലാനത്ത് കടലേറ്റത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരം 849-ാം ദിവസത്തിലെത്തി. കടലേറ്റത്തോടൊപ്പം പ്ലാസ്റ്റിക് മാലിന്യം അടിയുന്നതും ഗുരുതരമായ പ്രശ്നമാണ്. ഇവിടെയും നാട്ടുകാർ ഇവ ശേഖരിച്ച് വൃത്തിയാക്കി ഇക്കോ ബ്രിക്സ് നിർമാണം തുടങ്ങിയിട്ടുണ്ടിപ്പോൾ. അതുകൊണ്ട് സമരപ്പന്തലിൽ ഇരിപ്പിടം പണിയാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെല്ലാനം ജനകീയവേദി സംഘാടകനായ വി.ടി.സെബാസ്റ്റ്യൻ പറഞ്ഞു. കണ്ണൂർ ജില്ലയിലെ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾ ഇങ്ങനെ ഇരിപ്പിടം നിർമിച്ചിട്ടുണ്ട്.

തണൽ എന്ന പരിസ്ഥിതിസംഘടന നടത്തിയ പഠനത്തിൽ കേരളതീരത്ത് ഒരുസീസണിൽ 17 ലക്ഷം പ്ളാസ്റ്റിക് മാലിന്യങ്ങൾ-1057.45 ടൺ ഉണ്ടെന്നാണ് കണക്കാക്കിയിത്. ഇതിൽ 84,54,220 കാരി ബാഗുകൾ ഉൾപ്പെടും. ഇവയെല്ലാം കടലിലേക്കാണ് എത്തുന്നത്. മത്സ്യസമ്പത്തിനെ ഇത് ഗുരുതരമായി ബാധിച്ചുതുടങ്ങിയെന്നും പഠനങ്ങൾ വന്നിട്ടുണ്ട്. ഇതിനുപുറമേ പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കും ഒരുപരിധിവരെ തടയിടാനാകും. പ്ളാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന കാർബൺ ഡയോക്സൈഡ് അന്തരീക്ഷ താപനിലയെ സാരമായി ബാധിക്കുന്നുണ്ട്. പലയിടത്തും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾവരെ പ്ളാസ്റ്റിക് കത്തിക്കുന്നുമുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..