തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനപദ്ധതികൾ നടപ്പാക്കുന്നതിനായി സ്വകാര്യഭൂമി ഏറ്റെടുക്കാൻ തയ്യാറായി അദാനി ഗ്രൂപ്പ്. വിമാനത്താവളത്തോടു ചേർന്നുള്ള ഭൂമിയും കെട്ടിടസമുച്ചയങ്ങളും വിലയ്ക്കു വാങ്ങി ആധുനിക സൗകര്യങ്ങളൊരുക്കാനാണ് തീരുമാനം. ചാക്കയിൽ വിമാനത്താവളത്തിനടുത്തുള്ള വാണിജ്യസമുച്ചയം ഏറ്റെടുക്കുന്നതു സംബന്ധിച്ച അദാനി ഗ്രൂപ്പിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്.
തിരുവനന്തപുരം വിമാനത്താവളത്തിൽ വികസനപദ്ധതികൾ കുറേ വർഷങ്ങളായി നിലച്ച മട്ടാണ്. സ്വകാര്യവത്‌കരണം തീരുമാനിച്ചതോടെ എയർപോർട്ട് അതോറിറ്റി അറ്റകുറ്റപ്പണികൾപോലും ഉപേക്ഷിച്ചിരുന്നു. അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്തതോടെ കൂടുതൽ സൗകര്യങ്ങളൊരുക്കി അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
വിമാനത്താവളത്തിനുള്ളിലെ പൂട്ടിക്കിടക്കുന്ന ഡ്യൂട്ടിഫ്രീ ഷോപ്പുകൾ തുറക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ലൈവ് ബുഫെ സംവിധാനമുൾപ്പെടെയുള്ള ആധുനിക ലോഞ്ചുകളും യാത്രക്കാർക്കായി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
അന്താരാഷ്ട്ര നിലവാരമുള്ള ഹോട്ടലോ കാത്തിരിപ്പുകേന്ദ്രമോ റിഫ്രഷർ സംവിധാനങ്ങളോ വിമാനത്താവളത്തിനോടു ചേർന്ന് നിലവിലില്ല. പുതുതായി നിർമിക്കണമെങ്കിൽ കൂടുതൽ സ്ഥലം വേണ്ടിവരും. എയർപോർട്ടിനോടു ചേർന്ന് സ്ഥലമേറ്റെടുക്കൽ നിലവിൽ പ്രായോഗികമല്ല. അതുകൊണ്ടാണ് വിമാനത്താവളത്തിനോടു ചേർന്നുള്ള പ്രവർത്തനസജ്ജമായ സ്ഥാപനങ്ങൾ ഏറ്റെടുത്ത് വികസനപ്രവർത്തനങ്ങൾ നടത്താൻ അദാനി ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്.
വിമാനത്താവളത്തിന്റെ മൂന്നാം ടെർമിനൽ നിർമാണത്തിനും റൺവേ വികസനത്തിനുമായി 18 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ, അദാനി ഗ്രൂപ്പ് വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തതോടെ, സംസ്ഥാന സർക്കാർ സ്ഥലമേറ്റെടുത്തു നൽകുന്ന കാര്യം അനിശ്ചിതത്വത്തിലാണ്. തിരുവനന്തപുരത്തുനിന്ന് സർവീസ് നടത്താൻ കൂടുതൽ അന്താരാഷ്ട്ര വിമാനക്കമ്പനികളുമായി അദാനി ഗ്രൂപ്പ് ചർച്ച തുടങ്ങിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..