കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച കാസർകോട്ടെ ഹംസ വധക്കേസിലെ രണ്ടാംപ്രതി കാസർകോട് തളങ്കര സ്വദേശി അബ്ദുള്ളയുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് സി. ജയചന്ദ്രനും അടങ്ങിയ ബെഞ്ച് പ്രതിയെ വെറുതെവിട്ടത്.
സ്വർണക്കള്ളക്കടത്തിനെ സംബന്ധിച്ച വിവരം കസ്റ്റംസിന് ചോർത്തിനൽകിയതിന് പ്രതികാരമായി 1989 ഏപ്രിൽ 29-ന് കാസർകോട് ചട്ടംചാൽ ഭാഗത്ത് ദേശിയപാതയിൽവെച്ച് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സി.ബി.ഐ. അന്വേഷിച്ച കേസിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി 2010 ഒക്ടോബറിലാണ് ശിക്ഷവിധിച്ചത്. ഇതിനെതിരേയായിരുന്നു അപ്പീൽ.
ഹംസയും പ്രതികളും കള്ളക്കടത്തിൽ പങ്കാളികൾ
കൊല്ലപ്പെട്ട ഹംസയും കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമായിരുന്നു. ഹംസയുടെ ബന്ധുവും കേസിലെ ഒന്നാം പ്രതിയുമായിരുന്ന എ.പി. അബ്ദുൾ റഹിമാൻ (പാക്കിസ്താൻ അബ്ദുറഹിമാൻ) ആയിരുന്നു കള്ളക്കടത്ത് സംഘത്തിന്റെ നേതാവ്. പ്രതിയായ അബ്ദുള്ളയും ബന്ധുവായിരുന്നു. കൊലക്കേസിൽ 19 പ്രതികളാണുണ്ടായിരുന്നത്. അബ്ദുൾ റഹിമാൻ അടക്കമുള്ളവരെ ഇതുവരെ പിടികൂടാനായിട്ടില്ല. പിടിയിലായ എട്ടു പ്രതികളിൽ ആറുപേരെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്.
രണ്ടാം പ്രതി അബ്ദുള്ള മറ്റൊരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മുംബൈയിലാണ് അറസ്റ്റിലാകുന്നത്. കേരളത്തിലേക്ക് കൊണ്ടുവന്നശേഷം കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട ഇയാളെ പിന്നീട് ശ്രീലങ്കൻ പോലീസ് അറസ്റ്റുചെയ്ത് കൈമാറുകയായിരുന്നു. തുടർന്നാണ് കേസിന്റെ വിചാരണ നടന്നത്.
കസ്റ്റംസ് വാഗ്ദാനംചെയ്തത് 93 ലക്ഷം
കള്ളക്കടത്തിന്റെ പ്രതിഫലത്തെച്ചൊല്ലിയുള്ള തർക്കമാണ് ഹംസയെ ഒറ്റുകാരനാക്കിമാറ്റുന്നത്. ഹംസ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐ. നടത്തിയ റെയ്‌ഡിൽ 100 സ്വർണ്ണക്കട്ടികൾ വീതം അടങ്ങുന്ന 16 ജാക്കറ്റുകൾ പിടികൂടി. ഇതിന് പ്രതിഫലമായി കസ്റ്റംസ് 93 ലക്ഷം രൂപ ഹംസയ്ക്കും കൂട്ടാളിയായ മറ്റൊരാൾക്കുമായി നൽകി. പ്രതിഫലത്തിന്റെ ആദ്യ ഇൻസ്റ്റാൾമെന്റ് ഹംസയ്ക്ക് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് ഹംസയെ കൊലപ്പെടുത്തിയത്. വാടകഗുണ്ടകളെയും നിയോഗിച്ചിരുന്നു.
പ്രതിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ള, അഡ്വ. വി.ബി. സുജേഷ് മേനോൻ, എസ്. മഹേഷ് ബാനു എന്നിവരാണ് ഹാജരായത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..