പെൻഷൻ കിട്ടാതെ സംസ്ഥാനത്ത് 1500-ഓളം അങ്കണവാടി ജീവനക്കാർ


1 min read
Read later
Print
Share

ഇരിട്ടി: ‘പെൻഷൻ തുച്ഛമാണ്...അതെങ്കിലും കാലത്തിനും നേരത്തിനും തന്നുകൂടെ സർക്കാരേ...’ ഇങ്ങനെ ചോദിക്കുന്ന പെൻഷൻ പറ്റിയ അങ്കണവാടി ജീവനക്കാരെ കുറ്റം പറയാനാകില്ല. അത്രയ്ക്കും കഷ്ടപ്പാടാണിവർക്ക്. വിരമിച്ച് ഒരുവർഷമായിട്ടും പെൻഷനും ക്ഷേമനിധി ആനുകൂല്യങ്ങളും കിട്ടാതെ സംസ്ഥാനത്ത് 1500-ഓളം അങ്കണവാടി ജീവനക്കാരുണ്ട്. കഴിഞ്ഞവർഷം മാർച്ചിനുശേഷം വിരമിച്ച ജീവനക്കാരാണ് ആനുകൂല്യങ്ങൾക്കായി കാത്തിരിക്കുന്നത്.

സാധാരണ നിലയിൽ വിരമിച്ചവർക്ക് തൊട്ടടുത്ത മാസങ്ങളിൽത്തന്നെ ക്ഷേമനിധി ആനുകൂല്യങ്ങളും മറ്റും ലഭിക്കാറുണ്ട്. വർക്കർമാർക്ക് നേരത്തേ 500 രൂപയും ഹെൽപ്പർമാർക്ക് 300 രൂപയുമായിരുന്നു പെൻഷൻ. പിന്നീട് ഇത് യഥാക്രമം 2500-ഉം 1500-ഉം ആയി വർധിപ്പിച്ചു. മാസത്തിൽ കിട്ടിയിരുന്ന ചെറിയ ഓണറേറിയവും വിരമിച്ചതോടെ നിലച്ചതിനാൽ പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

ജോലിക്കിടയിൽ കോവിഡ് ബാധിച്ചവരും കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളുള്ളവരും ഏറെയാണ്. ഇ.എസ്.ഐ. ആനുകൂല്യമില്ലാത്തതിനാൽ തുടർചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയാണ് പലരും. മാസത്തിൽ 12,000 രൂപയാണ് വർക്കർമാർക്കുള്ള ഓണറേറിയം. ഹെൽപ്പർമാർക്ക് 8500 രൂപയും. നിത്യച്ചെലവിനുപോലും ഇത് തികയില്ലെന്നിരിക്കെ വിരമിക്കൽ കാലത്തേക്കുള്ള നീക്കിയിരിപ്പും പലർക്കും വട്ടപ്പൂജ്യമാണ്.

പെൻഷൻ യഥാസമയം കിട്ടാൻ നടപടി വേണം

22 വർഷത്തെ സേവനത്തിനുശേഷം വിരമിച്ചിട്ട് ഒരുവർഷം തികയുകയാണ്. പെൻഷനോ മറ്റാനുകൂല്യങ്ങളോ ലഭിക്കാത്തതിനാൽ ജോലിക്കിടെയുണ്ടായ അപകടത്തിന്റെ തുടർചികിത്സയ്ക്കുള്ള മരുന്ന് വാങ്ങാൻ മറ്റുള്ളവർക്കുമുന്നിൽ കൈനീട്ടേണ്ട അവസ്ഥയാണ്. പെൻഷനായി കിട്ടുന്ന തുച്ഛമായ തുകകൊണ്ടുവേണം ശിഷ്ടജീവിതം തള്ളിനീക്കാൻ. അതെങ്കിലും യഥാസമയം കിട്ടാൻ നടപടിയുണ്ടാകണം.

കെ.രത്നവല്ലി,

വെളിയമ്പ്ര അങ്കണവാടിയിൽനിന്ന് വിരമിച്ച വർക്കർ

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..