വണ്ടൻമേട്(ഇടുക്കി): വണ്ടൻമേട്ടിൽ വീട്ടുമുറ്റത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. പുതുവലിൽ രഞ്ജിത്ത് (38) കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ അന്നൈ ലക്ഷ്മി (28)ആണ് പിടിയിലായത്. ഭർത്താവ് സ്ഥിരമായി മദ്യപിച്ചുവന്ന് തന്നെ മർദ്ദിച്ചിരുന്നെന്നും അതുകൊണ്ടാണ് കൊന്നതെന്നും അന്നൈ ലക്ഷ്മി പോലീസിൽ മൊഴിനൽകി.
ഫെബ്രുവരി ആറിനാണ് സംഭവം. രാത്രി 10 മണിയോടെ വീട്ടുമുറ്റത്താണ് മൃതദേഹം കണ്ടത്. അന്വേഷണത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തി. പരിസരവാസികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തു. ഇതിനിടെ, ഭർത്താവിനെ താൻ കൊന്നതാണെന്ന് അന്നൈ ലക്ഷ്മി സമ്മതിക്കുകയായിരുന്നു.
സംഭവംനടന്ന ദിവസം അന്നൈ ലക്ഷ്മിയുടെ പിറന്നാളായിരുന്നു. അന്ന് രാത്രിയും മദ്യപിച്ചെത്തിയ രഞ്ജിത്ത് ഇവരെ മർദിച്ചു.
ഇതിനിടെ, വീട്ടിലിരുന്ന പണിയായുധങ്ങൾ ഉപയോഗിച്ച് രഞ്ജിത്തിനെ അടിച്ചുതാഴെയിട്ടശേഷം പ്ലാസ്റ്റിക് വള്ളി കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് കൊന്നെന്നാണ് മൊഴി.
കട്ടപ്പന ഡിവൈ.എസ്.പി. വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തിൽ വണ്ടൻമേട് പോലീസ് ഇൻസ്പെക്ടർ വി.എസ്.നവാസ്, എസ്.ഐ.മാരായ എബി, സജിമോൻ ജോസഫ്, എ.എസ്.ഐ. മഹേഷ്, സി.പി.ഒ. ടോണി, അനീഷ്, രേവതി തുടങ്ങിയവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..