കുമ്പള: ബി.ജെ.പി. പ്രവർത്തകനെ വധിച്ചകേസിലെ പ്രതിയായ സി.പി.എം. അംഗം ബി.ജെ.പി. പിന്തുണയോടെ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാനായി തുടരുന്നത് വിവാദമാകുന്നു. കുന്പള ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കൊഗ്ഗുവിന്റെ ശിക്ഷ ഹൈക്കോടതി ശരിവെച്ചതോടെയാണ് രണ്ട് പാർട്ടി നേതൃത്വങ്ങളും ആശങ്കയിലായത്. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് പി.രമേശനും മറ്റു ചിലരും കഴിഞ്ഞ ദിവസം സ്ഥാനങ്ങൾ രാജിവെച്ചത് ഇതേത്തുടർന്നാണെന്നാണ് സൂചന.
തദ്ദേശതിരഞ്ഞെടുപ്പിൽ സി.പി.എമ്മും ബി.ജെ.പി.യും ഒത്തുകളിച്ച് സ്ഥിരംസമിതി അധ്യക്ഷപദവികൾ വീതംവെച്ചുവെന്ന വിവാദം കുമ്പളയിൽ ഏറെക്കാലമായി പുകയുന്നുണ്ടായിരുന്നു. കൊഗ്ഗുവിന് ജില്ലാ കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചതോടെയാണ് അതിന് പുതിയ മാനം കൈവന്നത്. കോയിപ്പാടിയിലെ ബി.ജെ.പി. പ്രവർത്തകൻ വിനു 1998-ൽ കൊല ചെയ്യപ്പെട്ട കേസിൽ പ്രതിയാണ് കൊഗ്ഗു. കൊഗ്ഗുവിന്റെ പഞ്ചായത്തംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. രംഗത്തെത്തിയിട്ടുണ്ട്.
കൊഗ്ഗുവിന് സ്ഥിരംസമിതി അധ്യക്ഷപദവി ലഭിച്ചത് ബി.ജെ.പി.യുടെ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും പാർട്ടിക്ക് ലഭിച്ച സ്ഥിരംസമിതി അധ്യക്ഷസ്ഥാനം അതിനാൽ രാജി വെക്കണമെന്നും നേരത്തേ ചില പ്രവർത്തകർ ആവശ്യമുന്നയിച്ചിരുന്നു. കോയിപ്പാടിയിലുള്ള ബി.ജെ.പി. ജില്ലാ കമ്മിറ്റിയംഗം കെ.വിനോദൻ ഈ ആവശ്യമുന്നയിച്ച് രാജിവെച്ചിരുന്നു.
ജനപ്രതിനിധിയായി തുടരാൻ അർഹതയില്ല
കൊലക്കേസിലെ ശിക്ഷ ഹൈക്കോടതി ശരിവെക്കുകയും നാലുവർഷം കഠിനതടവിന് ശിക്ഷിക്കുകയും ചെയ്ത സാഹചര്യത്തിൽ കൊഗ്ഗുവിന്റെ ഗ്രാമപ്പഞ്ചായത്ത് അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ഉത്തരമേഖലാ ജനറൽ സെക്രട്ടറി പി.സുരേഷ് കുമാർ ഷെട്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. കൊഗ്ഗുവിന് ജനപ്രതിനിധിയായി തുടരാൻ അർഹതയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്നും അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടു.
ശിക്ഷ ഇളവുചെയ്തതാണ്
നേരത്തേ ഏഴുവർഷം തടവ് വിധിച്ചത് ഹൈക്കോടതി നാലു വർഷമായി കുറയ്ക്കുകയാണ് ചെയ്തത്. ശിക്ഷ ഒഴിവാക്കിക്കിട്ടാൻ പാർട്ടി സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. രാജിവെക്കേണ്ട ആവശ്യമില്ല.
സി.എ.സുബൈർ ,
സി.പി.എം. കുന്പള ഏരിയാ സെക്രട്ടറി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..