ലൈസൻസ് നിയമം രണ്ട്; ബോട്ടുമാസ്റ്ററാകാൻ കഴിയാതെ സ്രാങ്കുമാർ


ആലപ്പുഴ: കനാൽനിയമത്തിലെയും ഉൾനാടൻ വെസൽ നിയമത്തിലെയും വൈരുധ്യംമൂലം ബോട്ടുമാസ്റ്ററാകാൻ കഴിയാതെ ജലഗതാഗതവകുപ്പിലെ സ്രാങ്കുമാർ. തസ്തികയുണ്ടെങ്കിലും അതുമൂലം സ്രാങ്കുമാർക്ക് തുറമുഖവകുപ്പിൽനിന്നു ലൈസൻസ് ലഭിക്കുന്നില്ല.

സ്രാങ്ക് തസ്തികയിലുള്ളവർ ജോലിക്കയറ്റം കിട്ടിയാണ് സാധാരണ ബോട്ടുമാസ്റ്ററാകുന്നത്. അതിനു തുറമുഖവകുപ്പിൽനിന്നു ലൈസൻസ് വേണം. അവർ പിന്തുടരുന്നത് കേരള ഉൾനാടൻ വെസൽ നിയമമാണ്. എന്നാൽ, ജലഗതാഗതവകുപ്പിന്റേതാകട്ടെ കനാൽ നിയമവും. ഉൾനാടൻ വെസൽ നിയമമനുസരിച്ച് ‌സ്രാങ്കുമാർക്കും മറ്റു ജീവനക്കാർക്കും ബോട്ടിനും ലൈസൻസ് ലഭിക്കും. അതിൽ ബോട്ടുമാസ്റ്റർ എന്ന തസ്തികയില്ലാത്തതിനാൽ സ്രാങ്കുമാർക്ക് സ്ഥാനക്കയറ്റത്തിനുള്ള ലൈസൻസ് ലഭിക്കുന്നില്ല. ജലഗതാഗതവകുപ്പ് പിന്തുടരുന്ന കനാൽനിയമപ്രകാരം സ്രാങ്കിൽനിന്നു സ്ഥാനക്കയറ്റംനേടിയാണ് ബോട്ടുമാസ്റ്ററാകേണ്ടതും.

പ്രശ്നം പരിഹരിക്കാൻ സ്രാങ്ക് കം മാസ്റ്റർ എന്നു പേരുമാറ്റി ലൈസൻസിന് അപേക്ഷിക്കണമെന്നാണ് തുറമുഖവകുപ്പാവശ്യപ്പെടുന്നത്. എന്നാൽ, ജലഗതാഗതവകുപ്പിലെ സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യാത്തത് അതിനു തടസ്സമാകുന്നു.

സ്രാങ്ക് കം മാസ്റ്റർ എന്ന തസ്തിക സൃഷ്ടിക്കാൻ ജലഗതാഗതവകുപ്പു തയ്യാറാകണമെന്ന് സ്രാങ്ക് അസോസിയേഷൻ ആവശ്യപ്പെട്ടു. 16 വർഷമായി സ്പെഷ്യൽ റൂൾ ഫയലിൽ ഉത്തരവായിട്ടില്ല. ഇതുമൂലം സ്രാങ്കുമാർക്കു സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്നു ജനറൽ സെക്രട്ടറി എം.സി. മധുക്കുട്ടൻ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..