കയർ കോർപറേഷൻ-ഫോം മാറ്റിങ്സ് ലയനം: നടപടിയായില്ല, ഭരണം പ്രതിസന്ധിയിൽ


ആലപ്പുഴ: കയർമേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളായ കയർ കോർപറേഷനെയും ഫോം മാറ്റിങ്സിനെയും ലയിപ്പിക്കാൻ സർക്കാർ തീരുമാനിച്ച് മാസങ്ങളായിട്ടും തുടർനടപടിയില്ല. ഇത് ഇരുസ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കി.

ഒരേമേഖലയിൽ പൊതുഫണ്ടുപയോഗിച്ചു പ്രവർത്തിക്കുന്ന രണ്ടു സ്ഥാപനങ്ങൾ എന്ന നിലയ്ക്കാണ് ലയനത്തിനു സർക്കാർ മുതിർന്നത്. പ്രത്യേകം ബോർഡു വേണ്ടെന്നും ഫോം മാറ്റിങ്സ്, കയർ കോർപറേഷനു കീഴിൽ പ്രവർത്തിച്ചാൽ മതിയെന്നുമാണു തീരുമാനിച്ചത്. അതനുസരിച്ച് കോർപറേഷനുമാത്രം ചെയർമാനെയും നിശ്ചയിച്ചു. പക്ഷേ, ബോർഡംഗങ്ങളെ നിയമിച്ചില്ല. അതിനാൽ നയപരമായ തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥയായി.

സി.പി.എം. സംസ്ഥാന സമ്മേളനം കഴിഞ്ഞേ ബോർഡ് രൂപവത്കരിക്കൂവെന്നാണ് കേൾക്കുന്നത്. മറ്റു പാർട്ടിക്കാർക്കുള്ള സ്ഥാനങ്ങൾ വീതിച്ചിട്ടുണ്ടെങ്കിലും അവരും ബോർഡംഗങ്ങളെ തിരഞ്ഞെടുത്തിട്ടില്ല. ലയനവുമായി ബന്ധപ്പെട്ട് ഇരുകമ്പനികളിലെയും തൊഴിലാളിസംഘടനാ നേതാക്കളുമായുള്ള കൂടിയാലോചനകളും നടന്നിട്ടില്ല.

കയർക്കയറ്റുമതി ലക്ഷ്യമിട്ടാണ് ഫോം മാറ്റിങ്സ് സ്ഥാപിച്ചത്. ചെറുകിടക്കാരിൽനിന്ന് ഉത്പന്നങ്ങൾ വാങ്ങുക, കയറ്റുമതിക്കാരെ സഹായിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കയർ കോർപറേഷൻ രൂപംകൊണ്ടത്. ഫോം മാറ്റിങ്സ് കയറ്റുമതിയൊന്നും നടത്താതെ കനത്ത നഷ്ടത്തിലാണിപ്പോൾ. ഓരോകാലത്തും വാങ്ങിയ കോടിക്കണക്കിനു രൂപയുടെ യന്ത്രങ്ങൾ മാത്രം ബാക്കി.

എന്നാൽ, കയർ കോർപറേഷൻ ലാഭത്തിലാണ്. ഫോം മാറ്റിങ്സിൽ 24 ജീവനക്കാരും നൂറോളം തൊഴിലാളികളുമുണ്ട്. കോർപറേഷനിൽ ഇരുവിഭാഗങ്ങളിലുമായി ഇരുനൂറോളം പേരുണ്ട്. ഫോം മാറ്റിങ്സിൽ മിക്കവാറും തസ്തികകൾ പി.എസ്.സി.ക്കു വിട്ടതാണ്. കോർപറേഷനിൽ അത്രത്തോളമില്ല. പല നിയമനങ്ങളും ഭരണസമിതി നടത്തിയതാണ്. അതുകൊണ്ട് തസ്തിക ഏകീകരണത്തിലും പ്രശ്നമുണ്ടാകും.

കയർ കോർപറേഷന്റെ എം.ഡി. ശശീന്ദ്രനാണ് ഫോം മാറ്റിങ്സിന്റെയും ചുമതല. കയർ മെഷിനറി കോർപറേഷന്റെയും ചേർത്തല ഓട്ടോകാസ്റ്റിന്റെയും ചുമതലയും ഇദ്ദേഹത്തിനാണ്. ബജറ്റിൽ കയർകമ്പോസിറ്റ് ഉത്പന്നങ്ങളുടെ നിർമാണം, കയർഭൂവസ്ത്രം എന്നിവയ്ക്കു പ്രാമുഖ്യം നൽകുമെന്ന് ഗവർണറുടെ നയപ്രഖ്യാപനത്തിൽ സൂചനയുണ്ട്. സ്ഥാപനങ്ങളുടെ ഏകീകരണം പൂർത്തിയായില്ലെങ്കിൽ ഫണ്ടുവിനിയോഗത്തിലും പ്രതിസന്ധിയുണ്ടാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..