തേൻകൊതിച്ചിയും കരിംതൊപ്പിയും.... കാമ്പസുകൾ പക്ഷികൾക്കുപിന്നാലെ


കേരളത്തിലെ കാമ്പസുകളിൽ പക്ഷി സർവേ

കണ്ണൂർ: വിദ്യാലയങ്ങളും കാമ്പസുകളും ഇപ്പോൾ പക്ഷികൾക്ക് പിന്നാലെ. തേൻകൊതിച്ചിയും കരിംതൊപ്പിയും വേലിതത്തകളും നിറയെ. കേരളത്തിലെ കാമ്പസുകളിൽ 18 മുതൽ മൂന്നുദിവസങ്ങളിൽ നടന്ന പക്ഷി സർവേയിലാണ് വിദ്യാർഥികളും പക്ഷിസ്നേഹികളും ഒത്തുകൂടിയത്. മുൻവർഷങ്ങളിലെ പക്ഷി കണക്കെടുപ്പിൽ മുന്നിലുണ്ടായിരുന്ന മണ്ണുത്തി കേരള കാർഷിക സർവകലാശാലയും കോളേജ് ഓഫ് വെറ്ററിനറി ആൻഡ്‌ ആനിമൽ സയൻസസ് പൂക്കോടും ഇത്തവണയും നിരീക്ഷണത്തിലുണ്ട്. ഉത്തര മലബാറിൽ എൽ.പി. യു.പി.തല വിദ്യാർഥികൾ പക്ഷികളെ തേടി എത്തിയത് പ്രത്യേകതയായിരുന്നു. ബേർഡ്കൗണ്ട് ഇന്ത്യ കളക്ടീവ് ആണ് നേതൃത്വം. വിദ്യാർഥികളിൽ പക്ഷിസ്നേഹം വളർത്തി പക്ഷി സംരക്ഷണം ഉറപ്പാക്കുക എന്നതാണ് സർവേയുടെ ലക്ഷ്യം.

ഉത്തരമലബാറിൽ ധാരാളം പക്ഷികൾ

കണ്ണൂർ-കാസർകോട് ജില്ലകളിൽ 11 കാമ്പസുകൾ സർവേയിൽ സജീവമായി. തലശ്ശേരി എൻജിനിയറിങ് കോളേജ് കാമ്പസിൽ മുപ്പതിലധികം ഇനങ്ങളെ കണ്ടെത്തി. തേൻകൊതിച്ചി പരുന്ത്, മൂന്നിനം വേലിതത്തകൾ, മൂന്നിനം തേൻകിളികൾ, ഒരു വലിയകൂട്ടം നാട്ടുബുൾബുൾ പക്ഷികൾ, ചെമ്പൻ കാട്ടുകോഴി, വിദേശിയായ മഞ്ഞക്കിളികൾ എന്നിവയെ നിരീക്ഷിച്ചതായി കെ.കെ.ലതിക ടീച്ചർ പറഞ്ഞു. പ്രവീൺദാസ്, ഷാജി ചെമ്പൻ, സുജിത് എന്നിവർ നേതൃത്വം നൽകി.

പാണത്തൂർ ബളാന്തോട് ജി.എച്ച്.എസ്.സിൽ കോഴി വേഴാമ്പൽ (മലബാർ ഗ്രേ ഹോൺ ബിൽ), ഇണകാത്തേവൻ, കരിന്തൊപ്പി തുടങ്ങിയവയെ കണ്ടെത്തി. ജിത്തു പാണത്തൂർ, അനൂപ് നായർ തുടങ്ങിയവർ നേതൃത്വം നൽകി. പയ്യന്നൂർ ശങ്കരാചാര്യ സംസ്കൃത സർവകലാശാല റീജണൽ കാമ്പസിൽ ശ്യാംകുമാർ പുറവങ്കര, ഡോ. എ.അനിത, ഡോ. സുനിൽകുമാർ എന്നിവരാണ് നേതൃത്വം. കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ വിഷ്ണു, ജിഷ്ണു കിഴക്കമ്പലം, മാങ്ങാട്ടുപറമ്പ് യൂണിവേഴ്‌സിറ്റി കാമ്പസിൽ ഡോ. മോഹൻ, വിനയൻ തുടങ്ങിയവർ നേതൃത്വംനൽകി. തളിപ്പറമ്പ് സർ സെയ്യിദ്‌ കോളേജിൽ നിഷാദും പയ്യന്നൂർ കോളേജിൽ മനോജും നേതൃത്വം നൽകി.

കാസർകോട് ജില്ലയിൽ ചെറിയ കുട്ടികൾ ഉൾപ്പെടെ പക്ഷികൾക്ക് പിന്നാലെയാണ്. രാജു കിദൂർ, കെ.സമ്പത്ത്, ശ്യാംകുമാർ പുറവങ്കര, രോഹൻ റായി തുടങ്ങിയവർ നേതൃത്വംനൽകി. ജി.എൽ.പി.എസ്. പെർളയിൽ 25 ഇനങ്ങളെ കണ്ടെത്തി.

ജി.എച്ച്.എസ്.എസ്. കുമ്പളയിൽ തവിട്ടുപാറ്റപിടിയൻ ഉൾപ്പെടെ 30-ലധികം ഇനങ്ങളെ ആദ്യദിനം കണ്ടെത്തി. കുമ്പള ഹോളി ഫാമിലി സ്കൂളിൽ ആദ്യദിനം 27 ഇനങ്ങളെ കണ്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..