മിഷനുകളും റീബിൽഡും ഒരുകുടക്കീഴിൽ; തദ്ദേശ സ്ഥാപനത്തിന് ‘ഒറ്റപദ്ധതി’


തിരുവനന്തപുരം: ലൈഫ്, ആർദ്രം, ഹരിതകേരളം, പൊതുസംരക്ഷണ വിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ മിഷനുകൾക്കൊപ്പം റീബിൽഡ് കേരളയും ഉൾപ്പെടുത്തിയ നവകേരളം രണ്ടാം കർമപദ്ധതിക്ക്‌ സർക്കാർ മാർഗരേഖ പുറത്തിറക്കി. ഒന്നാംപിണറായി സർക്കാർ കൊണ്ടുവന്ന നാലുമിഷനുകളും റീബിൽഡ് കേരള ഇനിഷ്യേറ്റീവും ഒരുകുടക്കീഴിലാക്കിയ നവകേരളം കർമപദ്ധതി -രണ്ടാംഘട്ടത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി തദ്ദേശസ്ഥാപനത്തിന് ‘ഒറ്റ പദ്ധതി’ തയ്യാറാക്കും. എന്നാൽ, മിഷനുകളുടെ ഒന്നാംഘട്ടത്തിൽ തുടർന്നപ്രവർത്തന സംവിധാനത്തിൽ കുറച്ചുകാലത്തേക്ക് മാറ്റമുണ്ടാകില്ല. തദ്ദേശ സ്ഥാപനങ്ങൾക്ക് വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഒറ്റ പദ്ധതിയാണെങ്കിലും ബന്ധപ്പെട്ട വകുപ്പുകളും ഏജൻസികളും നിർവഹണം തുടരും. ഒന്നാംഘട്ടത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനായിരുന്നു മുൻഗണനയെങ്കിൽ രണ്ടാംകർമപദ്ധതിയിൽ അക്കാദമിക മികവിനാണ് മുൻതൂക്കം. മിഷന്റെ പേര് വിദ്യാകിരണം എന്നാക്കി. മറ്റുമിഷനുകളിലും മാറ്റമുണ്ടാകും. റീബിൽഡ് കേരളയിൽ റോഡുകൾ, വീടുകൾ, പരിസ്ഥിതിസംരക്ഷണ ഇടപെടലുകൾ തുടങ്ങിയ പത്ത് ഇനങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. കർമപദ്ധതി രണ്ടിൽ ദുരന്താഘാത ശേഷിയുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനാണ് മുൻഗണന.

ഇതുവരെയുള്ള വികസനനേട്ടങ്ങൾ വിലയിരുത്തിയും പരിമിതികൾ മറികടന്നും ജനകീയപങ്കാളിത്തം ഉറപ്പാക്കിയുമുള്ള സമീപനം ഉണ്ടാകും. കേന്ദ്ര, സംസ്ഥാന പദ്ധതികളും വിഭവങ്ങളും കഴിയുന്നത്ര തദ്ദേശ പദ്ധതികളുമായി യോജിപ്പിക്കും. മുഖ്യമന്ത്രി അധ്യക്ഷനും വകുപ്പുമന്ത്രിമാർ അംഗങ്ങളും ചീഫ് സെക്രട്ടറി കൺവീനറുമായുള്ള സെല്ലിനായിരിക്കും മേൽനോട്ടം. പ്രവർത്തന പുരോഗതി വിലയിരുത്താൻ സംവിധാനമുണ്ടാകും. പ്രതിമാസ പുരോഗതി വിലയിരുത്തൽ രേഖ മുഖ്യമന്ത്രി പരിശോധിക്കും. ലൈഫ് പദ്ധതിയിലെ ഓരോ വീടിന്റെയും നിർമാണ പുരോഗതി ജനങ്ങൾക്ക് അറിയാനും സംവിധാനം ഉണ്ടാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..