വിദ്യാർഥികൾക്ക് ചൈനയിലേക്ക് മടങ്ങുന്നതിനുള്ള നടപടികൾ തുടരുന്നു


കൊല്ലം : ചൈനയിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന ഇന്ത്യയിലെ വിദ്യാർഥികൾക്ക് എത്രയും പെട്ടെന്ന് ചൈനയിലേക്ക് മടങ്ങുന്നതിന്‌ ആവശ്യമായ നയതന്ത്ര ഇടപെടലുകൾ ചൈന സർക്കാരുമായി നടത്തിവരികയാണെന്ന് ചൈനയിലെ ഇന്ത്യൻ എംബസി അധികൃതർ എൻ.കെ.പ്രേമചന്ദ്രൻ എം.പി.യെ അറിയിച്ചു. അനുവാദം കിട്ടിയാലുടൻ വിവരം വെബ്സൈറ്റിലൂടെയും മാധ്യമങ്ങളിലൂടെയും വിദ്യാർഥികളെ അറിയിക്കും. ചൈനയിൽനിന്ന്‌ അർമേനിയയിലെ സർവകലാശാലയിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് ചൈനീസ് സർവകലാശാലകളിൽ നൽകിയ വിവിധ വിദ്യാഭ്യാസ രേഖകൾ സാക്ഷ്യപ്പെടുത്താനുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.

ചൈനയിലെ സർവകലാശാലകളിൽ നൽകിയിട്ടുള്ള വിദ്യാഭ്യാസ രേഖകൾ ആദ്യം ചൈനയിലെ നോട്ടറിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തണം. തുടർന്ന് ചൈന വിദേശകാര്യമന്ത്രാലയത്തിൽ സാക്ഷ്യപ്പെടുത്തലിനായി നൽകണം. സാക്ഷ്യപ്പെടുത്തിയ രേഖകൾ അർമേനിയയിലെ ചൈനീസ് എംബസിയിൽ നൽകി പുനർസാക്ഷ്യപ്പെടുത്തൽ നടത്തിവേണം അർമേനിയയിലെ യൂണിവേഴ്സിറ്റി ഓഫ് ട്രഡീഷണൽ ചൈനീസ് മെഡിസിനിൽ ഹാജരാക്കേണ്ടത്.

വിവിധ രാജ്യങ്ങളിലെ വിദ്യാർഥികൾക്ക്‌ ചൈനയിലേക്ക് പ്രവേശനം നൽകുന്നെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും, ഏതെങ്കിലും രാജ്യത്തെ വിദ്യാർഥികൾക്ക്‌ ചൈനയിലേക്ക്‌ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ചൈനീസ് സർക്കാരിൻറെ ഔദ്യോഗിക പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ല. എന്നാൽ, ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ ചൈനയിലേക്ക്‌ മടങ്ങണമെന്നുള്ള വിഷയത്തിൽ തീരുമാനമെടുക്കാൻ ബന്ധപ്പെട്ട ചൈനീസ് അധികൃതരുമായി നിരന്തരമായ ഇടപെടലുകൾ നടന്നുവരികയാണെന്നും ചൈനയിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി. പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..