കാലിക്കറ്റിൽ ഭിന്നശേഷിക്കാരുടെ നിയമനത്തിൽ തസ്തിക നിർണയമില്ലെന്ന് പരാതി


തേഞ്ഞിപ്പലം: ഭിന്നശേഷി വിഭാഗക്കാർക്ക് അനുയോജ്യമായ തസ്തിക നിർണയം നടപ്പാക്കാതെ കാലിക്കറ്റ് സർവകലാശാലയിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ നിയമനമെന്ന് പരാതി. ഭിന്നശേഷി വിഭാഗത്തിന് അനുയോജ്യമായ തസ്തികകൾ ഏതെല്ലാമാണെന്ന് ഒഴിവുകളുടെ വിജ്ഞാപനത്തിൽ വെളിപ്പെടുത്തണമെന്ന ചട്ടമിരിക്കെയാണ് കാലിക്കറ്റിലെ ഒളിച്ചുകളിയെന്ന് സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് ഗവർണർക്ക് നൽകിയ പരാതിയിൽ പറയുന്നു.

പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനായുള്ള അഭിമുഖം സർവകലാശാലയിൽ പുരോഗിമിക്കുന്നുണ്ട്. ഇത് മാർച്ചോടെ പൂർത്തിയാക്കാനാണ് നീക്കം. എന്നാൽ ഭിന്നശേഷി വിഭാഗത്തിൽ നിയമപരമല്ലാത്ത സംവരണരീതി നടപ്പാക്കിയാൽ നിയമനം ലഭിക്കുന്ന അധ്യാപകർ പ്രയാസത്തിലാകും. അനുയോജ്യമായ തസ്തിക ലഭിക്കാത്ത സാഹചര്യം അധ്യാപകരെ നിയമക്കുരുക്കിലുമാക്കും.

തസ്തികകൾ നിർണയിക്കാതെ എയ്ഡഡ് കോളേജുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന് സർവകലാശാല നടത്തിയ സ്റ്റാറ്റ്യൂട്ട് ഭേദഗതി മുൻപ് ഗവർണർ തള്ളിയിരുന്നു. ഇതിൽ അനുയോജ്യമായ തസ്തികകൾ നിർണയിച്ച് പുതിയ പ്രൊപ്പോസൽ സമർപ്പിക്കാനാണ് ഗവർണർ സർവകലാശാലയോടു നിർദേശിച്ചത്. തസ്തിക നിർണയിക്കാത്തതിനെതിരേ ഉദ്യോഗാർഥികൾ നൽകിയ പരാതിയിൽ കേസ് കോടതിയിൽ നിലവിലുണ്ട്.

ഭിന്നശേഷി സംവരണത്തിലെ അടിസ്ഥാന മാനദണ്ഡമായ തസ്തിക നിർണയം നടത്താത്തത് സ്വന്തക്കാരായ ആളുകളെ സഹായിക്കാനാണെന്ന് ഡോ. പി. റഷീദ് അഹമ്മദ് ആരോപിക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..