പാഠപുസ്തകങ്ങളിൽ അക്ഷരമാല അടുത്തവർഷംമുതൽ -മന്ത്രി വി. ശിവൻകുട്ടി


തിരുവനന്തപുരം: അടുത്തവർഷംമുതൽ പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പാഠ്യപദ്ധതി കാലോചിതമായി പരിഷ്കരിക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. പാഠപുസ്തകങ്ങൾ തയ്യാറാക്കുന്ന ഘട്ടത്തിൽ അക്ഷരമാല അനുയോജ്യമായ ക്ലാസിൽ ചേർക്കുന്നത് കരിക്കുലം കമ്മിറ്റി ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി ‘മാതൃഭൂമി’യോട് പറഞ്ഞു. മലയാളം അക്കങ്ങൾ ഉൾപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങൾക്ക് കൂടുതൽ അക്കാദമിക ചർച്ചകൾ ആവശ്യമാണ്. ലിപി പരിഷ്കരണത്തിന് വിദഗ്ധസമിതിയുടെ ശുപാർശ തയ്യാറായി. മാറുന്ന ലിപിയനുസരിച്ചുള്ള അക്ഷരമാലയായിരിക്കുമോ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുകയെന്നത് കരിക്കുലം കമ്മിറ്റി ചർച്ചചെയ്യും.

അക്ഷരമാല പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മാതൃഭൂമി നടത്തുന്ന ‘മായരുത് മലയാളം’ എന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അക്ഷരമാല ഒഴിവാക്കിയതിനെതിരേ ഭാഷാസ്നേഹികളും എഴുത്തുകാരും സാംസ്കാരികപ്രവർത്തകരും പണ്ഡിതരും അണിനിരന്ന നിരന്തരസംവാദത്തിനാണ് മാതൃഭൂമി വേദിയൊരുക്കിയത്.

2013-ൽ നടന്ന പാഠപുസ്തക പരിഷ്കരണത്തെത്തുടർന്നാണ് അക്ഷരമാല പാഠപുസ്തകത്തിൽനിന്ന്‌ ഒഴിവാക്കപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. കുട്ടികൾ അക്ഷരമാല പരിചയപ്പെടണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. മാതൃഭാഷ ഒന്നാംഭാഷയാണെങ്കിലും ഇപ്പോഴും ആ പരിഗണനയിൽ സ്കൂളുകളിൽ പഠനം നടക്കുന്നില്ല. ഇംഗ്ലീഷ് ഭാഷ തൊഴിൽലഭ്യതയ്ക്ക് അനിവാര്യമാണെന്ന ചിന്തയാണ് മാതൃഭാഷാമാധ്യമത്തിൽനിന്ന്‌ ഇംഗ്ലീഷ് മാധ്യമത്തിലേക്ക് മാറാൻ ആദ്യഘട്ടത്തിൽ മധ്യവർഗത്തെയും പിന്നീട് പൊതുവേയും പ്രേരകമായത്. ഇതിനെ കേവലം സ്കൂൾ വിദ്യാഭ്യാസവകുപ്പിന്റെതായ പ്രശ്നമായി പരിമിതപ്പെടുത്താൻ കഴിയില്ല.

മാതൃഭാഷാപഠനത്തിന് പ്രത്യേക ഊന്നൽ നൽകണം എന്നുതന്നെയാണ് സർക്കാരിന്റെ നിലപാട്. ഇതിന്റെഭാഗമായാണ് മാതൃഭാഷാപഠനം പന്ത്രണ്ടാം ക്ലാസ് വരെ നിർബന്ധിതമാക്കിയത്. ഇത് നടപ്പിൽവരുത്താനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകും. മലയാളമേ പഠിക്കാത്തവർക്ക് പ്രൈമറി സ്കൂൾ അധ്യാപകരാകാൻ ഇടയായ സാഹചര്യം പരിശോധിക്കേണ്ടതുണ്ടെന്നു മന്ത്രി പറഞ്ഞു.

മാതൃഭാഷാപോഷണ പഠനരീതി നടപ്പാക്കും

കുട്ടികളുടെ വൈകാരിക വികസനത്തിൽ നിർണായകമായ പങ്ക് ഭാഷകൾക്കുണ്ട്. ഇത്തരം ഒരു നിലപാടിൽ നിന്നുകൊണ്ട് കുട്ടികളുടെ സാഹിത്യ, ഭാഷാ, സർഗാത്മകശേഷികൾ വളർത്തുന്നതിനുതകുന്ന വേദികൾ തിരിച്ചുകൊണ്ടുവരുന്നതിന് ശ്രമങ്ങൾ തുടങ്ങി. ഭാഷാമൗലികവാദത്തോട് യോജിപ്പില്ല. ത്രിഭാഷാസമ്പ്രദായമാണ് നമ്മൾ പിന്തുടരുന്നത്. എന്നാലും മാതൃഭാഷയെ പരിപോഷിപ്പിക്കാൻ സഹായിക്കുന്ന പഠനരീതി സ്വീകരിക്കും -മന്ത്രി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..