യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ


കൊണ്ടോട്ടി: തേഞ്ഞിപ്പലം പള്ളിക്കൽ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിലാക്കി മാരകമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. എസ്.ഡി.പി.ഐ. പ്രവർത്തകനായ പള്ളിക്കൽ സ്വദേശി അത്താണിക്കൽ അബ്ദുൾറസാഖിനെ(45)യാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ ജനുവരി 20-ന് രാത്രിയിൽ യുവാവിനെ പള്ളിക്കലിലെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയി കരിപ്പൂരിലെ എസ്.ഡി.പി.ഐ. നേതാവായ ആനപ്ര ഫൈസലിന്റെ വീട്ടിലെത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായാണു കേസ്.

നഗ്നനാക്കി കെട്ടിത്തൂക്കി മാരകായുധങ്ങളുപയോഗിച്ച് യുവാവിനെ മർദിച്ചെന്നും വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിച്ചതായും പോലീസ് പറഞ്ഞു. പരിക്കേറ്റ യുവാവിനെ പുലർച്ചെ വീട്ടിൽവിട്ട്‌ സംഘം കടന്നുകളയുകയായിരുന്നു. പോലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്.

തുടർന്ന് യുവാവ് പേടിച്ച് പരാതി നൽകിയില്ല. കഴിഞ്ഞ എട്ടിന് അർധരാത്രി മുഖംമൂടി ധരിച്ച അഞ്ചംഗസംഘം മാരകായുധങ്ങളുമായി ഇയാളുടെ വീട്ടിലെത്തി വധഭീഷണി മുഴക്കി. ഇതിനുശേഷമാണ് യുവാവ് പോലീസിൽ പരാതി നൽകിയത്.

തുടർന്ന് മുഖ്യപ്രതിയടക്കം മൂന്നു എസ്.ഡി.പി.ഐ. പ്രവർത്തകരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. അബ്ദുൾറസാഖ് അടക്കം നാലുപേർ കേസിൽ പിടിയിലായിട്ടുണ്ട്. ആനപ്ര ഫൈസൽ വിദേശത്തേക്കു കടന്നതായാണ് സൂചന. കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമം നടത്തുന്നതായി പോലീസ് പറഞ്ഞു.

പരാതിക്കാരനും കുടുംബവും താമസിക്കുന്ന വീട്ടിൽച്ചെന്ന് ഭീഷണിപ്പെടുത്തി മൊബൈൽഫോണുകൾ കൊണ്ടുപോയതിനും ഇവർക്കെതിരേ വധഭീഷണി മുഴക്കിയതിനും രണ്ടു കേസുകൾ തേഞ്ഞിപ്പലം പോലീസ് എടുത്തിട്ടുണ്ട്.

ഡിവൈ.എസ്.പി. കെ. അഷറഫിന്റെ നേതൃത്വത്തിൽ തേഞ്ഞിപ്പലം ഇൻസ്‌പെക്ടർ എൻ.ബി. ഷൈജു, കൊണ്ടോട്ടി ഇൻസ്‌പെക്ടർ എം.സി. പ്രമോദ്, പ്രത്യേക അന്വേഷണസംഘാംഗങ്ങളായ സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, അസീസ്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, എസ്.ഐ. ദിനേശൻ, എ.എസ്.ഐ. രവി എന്നിവരാണ് കേസന്വേഷിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..