കണ്ണൂർ: ഖാദിയുടെ ലേബലിൽ വിപണിയിൽ വൻതോതിൽ വ്യാജനെത്തുന്നു. കഴിഞ്ഞവർഷം 160 കോടി രൂപയുടെ ഖാദി വില്പനയാണ് കേരളത്തിൽ നടന്നത്. ഇതിൽ അംഗീകൃത ഖാദി സ്ഥാപനങ്ങൾ ഉത്പാദിപ്പിച്ച് വിപണിയിലെത്തിച്ചത് 68 കോടി രൂപയുടെ തുണി മാത്രമാണെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ പറഞ്ഞു. പവർലൂമിലും മറ്റും ഉത്പാദിപ്പിച്ച് വരുന്നവയാണ് ഖാദിയെന്ന പേരിൽ വിപണിയിലെത്തുന്നത്. വിലക്കുറവ് വരുത്തിയാണ് വ്യാജ ഖാദിയുടെ വിൽപന. ഖാദിയുടെ യഥാർഥമൂല്യം സംരക്ഷിക്കാതെയാണ് ഇവയുടെ നിർമാണം. കഴിഞ്ഞ ഏഴുപതിറ്റാണ്ടായി മുംബൈയിൽ ഖാദി തുണിത്തരങ്ങൾ വിറ്റഴിക്കുന്ന സ്ഥാപനമായ ‘ഖാദി എംപോറിയ’ത്തിന് വ്യാജ ഖാദി ഉത്പന്നങ്ങൾ വിറ്റഴിച്ചതിന് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ അടുത്തിടെ വിലക്കേർപ്പെടുത്തിയിരുന്നു. ഇതേ സ്ഥിതി കേരളത്തിലുമുണ്ടെന്നും അംഗീകൃത ഖാദിസ്ഥാപനങ്ങളിൽനിന്നുമാത്രം ഉത്പന്നങ്ങൾ വാങ്ങുകയാണ് പരിഹാരമെന്നും പി.ജയരാജൻ പറഞ്ഞു. വ്യാജ ഖാദിയുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാനസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
വൈവിധ്യത്തിന്റെ വഴിയേ
പുതിയ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ പുതിയ ഡിസൈനിലുള്ള ഉത്പന്നങ്ങൾ പുറത്തിറക്കാൻ ഖാദി ബോർഡ് തീരുമാനിച്ചിട്ടുണ്ട്. മാർച്ച് മാസത്തോടെ ഇവ വിപണിയിലെത്തും. രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികളുടെ വസ്ത്രം, വിവാഹവസ്ത്രങ്ങൾ, സാരി എന്നിവയെല്ലാം പുതിയ ഡിസൈനിലെത്തും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുമായി ബോർഡ് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.
തിരുവനന്തപുരം വഞ്ചിയൂരിൽ പുതിയ ഷോറൂം ഉടൻ തുടങ്ങും. ഓൺലൈൻ വിൽപനയിലേക്ക് കടക്കാനും പദ്ധതിയുണ്ട്. പാലക്കാട് ജില്ലയിൽ സോളാർവൈദ്യുതി ഉപയോഗിച്ച് മോട്ടോർ പ്രവർത്തിപ്പിച്ച് ഖാദി ഉത്പാദിപ്പിക്കുന്ന പൈലറ്റ് പ്രോജക്ട് ഉടൻ ആരംഭിക്കും. ഈ മേഖലയിൽ പുതുതായി 20,000 തൊഴിലവസരം സൃഷ്ടിക്കാനാണ് ഖാദി ബോർഡ് ലക്ഷ്യമിടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..