ശരത്‍ചന്ദ്രൻ വധം; നാടുവിടാനുള്ള ശ്രമത്തിനിടെ മുഖ്യപ്രതി പിടിയിൽ


അറസ്റ്റിലായത് ഏഴുപേർ

ഹരിപ്പാട്: ആർ.എസ്.എസ്. മുഖ്യശിക്ഷകനായിരുന്ന തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് വലിയപറമ്പ് ഇടപ്പള്ളിതോപ്പ് ശരത്‍ഭവനിൽ ശരത്‍ചന്ദ്രൻ (26) കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി കുമാരപുരം പൊത്തപ്പള്ളി തെക്ക് ചെട്ടിശ്ശേരി വടക്കതിൽ നന്ദുപ്രകാശ് (കരിനന്ദു - 24) അറസ്റ്റിൽ. ശരത്ചന്ദ്രനെ കുത്തിവീഴ്ത്തിയത് നന്ദുപ്രകാശാണെന്നു പോലീസ് പറഞ്ഞു. ആറുപ്രതികൾ നേരത്തേ പിടിയിലായിരുന്നു. അക്രമിസംഘത്തിലെ രണ്ടുപേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടാലറിയാവുന്ന ചിലർകൂടി പ്രതികളാണ്. ഇവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം തിരച്ചിൽ നടത്തുകയാണ്.

എറണാകുളത്ത്് ഒളിവിൽക്കഴിഞ്ഞിരുന്ന പ്രതി നാടുവിടാനുള്ള ശ്രമത്തിലായിരുന്നെന്നു പോലീസ് പറഞ്ഞു. കൊലയ്ക്കുശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതി സുഹൃത്തുവഴി തരപ്പെടുത്തിയ വാടകക്കാറിലാണ് എറണാകുളത്തേക്കുകടന്നത്. കാക്കനാട്ട് സുഹൃത്തിന്റെ പരിചയക്കാരനായ ബേക്കറിത്തൊഴിലാളിയുടെ താമസസ്ഥലത്താണ് രാത്രി തങ്ങിയത്. അടുത്തദിവസം പകൽ കോട്ടയംവഴി ചെങ്ങന്നൂരിൽ വന്നുപോയി.

ശനിയാഴ്ച വീണ്ടും ചെങ്ങന്നൂരിലെത്തിയ പ്രതി, കാർ എടത്വായിലെത്തിച്ചു. ഉടമയ്ക്ക് ഓൺലൈനായി വാടകയും നൽകി. പിന്നീട് എറണാകുളത്തേക്കു മടങ്ങി. അപ്പോഴാണു പോലീസ് പിടികൂടിയത്. എറണാകുളത്തു താമസിക്കാനിടംനൽകിയ ആളിന്റെ പഴയ ഫോണും സിംകാർഡുമാണ് പ്രതി ഉപയോഗിച്ചിരുന്നത്. ഈ നമ്പർ പോലീസ് കണ്ടെത്തിയിരുന്നു. ഇതുപയോഗിച്ച് വിളിച്ചവരെയെല്ലാം തിരിച്ചറിഞ്ഞായിരുന്നു അന്വേഷണം.

കാട്ടിൽമാർക്കറ്റ് പുത്തൻകരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് ശരത്‍ചന്ദ്രനു കുത്തേറ്റത്. ഹരിപ്പാട് ഗവ. ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നന്ദുപ്രകാശ് ഹരിപ്പാട്, തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനുകളിലായി നാലു ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. ഇയാൾക്കെതിരേ കാപ്പ നിയമപ്രകാരം കേസെടുക്കാനുള്ള നടപടി പൂർത്തിയാകുന്നു.

ഹരിപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജു വി. നായർ, എസ്.ഐ. രാജ്‍കുമാർ, സിവിൽ പോലീസ് ഓഫീസർ സിദ്ദിഖുൽ അക്ബർ, നിഷാദ്, നിസാമുദ്ദീൻ, പ്രേംകുമാർ, പ്രവീൺകുമാർ, വിനോദ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

പ്രതി ഉപയോഗിച്ച കാറിൽ ജി.പി.എസ്.; പോലീസ് അറിയാൻ വൈകി

ശരത്ചന്ദ്രൻ വധക്കേസിലെ ഒന്നാംപ്രതി നന്ദുപ്രകാശ് മൂന്നുദിവസം ഓടിച്ചുനടന്ന വാടകക്കാറിൽ ജി.പി.എസ്. സംവിധാനമുണ്ടായിരുന്നു. വാഹനം എവിടെയാണെന്നു മനസ്സിലാക്കാൻക്കഴിയുന്ന സംവിധാനമുള്ള കാറാണ് പ്രതി ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണസംഘം വൈകിയാണറിഞ്ഞത്. സംഭവത്തിനുശേഷം പ്രതി സ്കൂട്ടറിൽ രക്ഷപ്പെട്ടതായാണു പോലീസിനുലഭിച്ച വിവരം. അതനുസരിച്ച് സ്കൂട്ടർ തേടിയുള്ള അന്വേഷണം വിപുലമാക്കി. പിന്നീടാണ് പ്രതി കാറുപയോഗിക്കുന്നതായി സൂചന ലഭിച്ചത്. തുടർന്ന് കാറുടമയെ കണ്ടെത്തി.

ശനിയാഴ്ച വൈകീട്ട് എടത്വായിൽനിന്നു കാർ പിടികൂടിയെങ്കിലും പ്രതി രക്ഷപ്പെട്ടിരുന്നു. തൃക്കുന്നപ്പുഴ സ്വദേശിയുടെ കാർ വാടകയ്ക്കെടുത്തിരുന്ന ആളിൽനിന്നാണ് നന്ദുപ്രകാശ് കാർ വാങ്ങിയത്. നാടുവിടാനുള്ള പണം കണ്ടെത്താനാണ് ഇയാൾ ചെങ്ങന്നൂരിലെത്തിയതെന്നാണു പോലീസ് സംശയിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..