തിരുവനന്തപുരം: സൈക്കിൾയാത്രക്കാർക്ക് മുന്നറിയിപ്പുമായി അപകടങ്ങളുടെ കണക്ക്. അധികമാരും കണക്കിലെടുക്കാത്ത സൈക്കിൾ അപകടങ്ങളിൽ മൂന്നുകൊല്ലത്തിനിടെ കേരളത്തിൽ 3061 പേർ അപകടത്തിനിരയായി. അതിൽ 275 പേർ മരിച്ചു.
ഏറ്റവും കൂടുതലാളുകൾ സൈക്കിൾ ഉപയോഗിക്കുന്ന ആലപ്പുഴ ജില്ലയാണ് മരണനിരക്കിൽ മുന്നിൽ. മരണം 71. തൃശ്ശൂർ (54), എറണാകുളം (44) ജില്ലകളാണ് അടുത്ത സ്ഥാനത്തുള്ളത്. ഏഴു അപകടം മാത്രമുണ്ടായ വയനാട്ടിൽ ഒരാളാണ് മരിച്ചത്. റോഡ് സുരക്ഷാഅധികൃതരുടെ കണക്കാണിത്.
2018-ൽ ആലപ്പുഴയിൽ 20 പേരും തൃശ്ശൂരിൽ 23 പേരും എറണാകുളത്ത് 12 പേരുമാണ് മരിച്ചത്. 2019-ൽ ആലപ്പുഴയിൽ 31, എറണാകുളത്ത് 19, തൃശ്ശൂരിൽ 15 എന്നിങ്ങനെയാണ് കണക്ക്. 2020-ൽ ആലപ്പുഴയിൽ 20, എറണാകുളത്ത് 13, തൃശ്ശൂരിൽ 16 എന്നിങ്ങനെയാണ് മരണനിരക്ക്. മോട്ടോർവാഹനങ്ങളും സൈക്കിൾയാത്രക്കാരുടെ അപകടത്തിനു കാരണമാകുന്നുണ്ട്. മോട്ടോർവാഹനങ്ങളുടെ നിർവചനത്തിൽ വരാത്തതിനാൽ മോട്ടോർ വാഹനച്ചട്ടങ്ങളും നിയമങ്ങളും സൈക്കിളുകളുടെ നിയന്ത്രണത്തിന് നിയമപരമായി ഉപയോഗിക്കാനാകില്ല.
കുട്ടികൾക്ക് പ്രത്യേക സുരക്ഷവേണം
കുട്ടികൾ ഉൾപ്പെടെയുളള സൈക്കിൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് ചട്ടങ്ങൾ വേണമെന്നു ബാലാവകാശ കമ്മിഷനംഗം കെ. നസീർ ഗതാഗത സെക്രട്ടറിക്കും കമ്മിഷണർക്കും നിർദേശം നൽകിയിരുന്നു. രാത്രിയാത്രയ്ക്ക് ഹെൽമെറ്റ്, റിഫ്ളക്ട് ജാക്കറ്റ് എന്നിവ ധരിക്കണം, സൈക്കിളിന് മധ്യലൈറ്റ് ഉണ്ടെന്നു ഉറപ്പാക്കുകയുംവേണം. വേഗനിയന്ത്രണവും വേണം. ദേശീയപാതകളിലും മറ്റു റോഡുകളിലും സൈക്കിൾയാത്രയ്ക്ക് പ്രത്യേക ഭാഗം അടയാളപ്പെടുത്തണം. സുരക്ഷയെപ്പറ്റി കുട്ടികളിലും അവബോധമുണ്ടാക്കണം. ഗതാഗതം നിയന്ത്രിക്കുന്ന പോലീസ് രാവിലെയും വൈകീട്ടും സ്കൂളുകൾക്ക് ചുറ്റുമുള്ള റോഡുകളിൽ ഉണ്ടാകണമെന്നും നിർദേശിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..