ബി.ജെ.പി. കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ടുപൂട്ടി ഉപരോധിച്ചു


സി.പി.എമ്മുമായി രഹസ്യ കൂട്ടുകെട്ടെന്ന ആരോപണം പൊട്ടിത്തെറിയിലേക്ക്‌

കാസർകോട്: സംസ്ഥാന പ്രസിഡന്റിന്റെ വരവ്‌ പ്രതീക്ഷിച്ച്, ജില്ലാ കമ്മിറ്റി ഓഫീസ്‌ താഴിട്ടുപൂട്ടി ബി.ജെ.പി. പ്രവർത്തകരുടെ പ്രതിഷേധം. കാസർകോട്‌ താളിപ്പടുപ്പിലെ ശ്യാമപ്രസാദ്‌ മുഖർജി മന്ദിരമാണ്‌ ഞായറാഴ്ച രാവിലെ മുദ്രാവാക്യം വിളിയുമായെത്തിയ നൂറിലധികം ബി.ജെ.പി. പ്രവർത്തകർ താഴിട്ടുപൂട്ടി കൊടിനാട്ടി പ്രതിഷേധിച്ചത്.

കുന്പള പഞ്ചായത്തിലെ സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി കൂട്ടുകെട്ടുണ്ടാക്കിയ നേതാക്കൾക്കെതിരേ നടപടിവേണമെന്നായിരുന്നു ആവശ്യം. പാർട്ടി പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ ജില്ലയിൽ എത്തുമെന്ന്‌ പ്രതിക്ഷിച്ചായിരുന്നു പ്രതിഷേധം. പക്ഷേ, അദ്ദേഹം എത്തിയില്ല.

ഓഫീസിനു മുന്നിൽ കുത്തിയിരുന്ന്‌ ഒന്നരമണിക്കൂറോളം മുദ്രാവാക്യം വിളിച്ചശേഷമാണ്‌ പ്രവർത്തകർ മടങ്ങിയത്. ആ സമയം ഓഫീസിൽ ആരുമുണ്ടായിരുന്നില്ല. കുമ്പള പഞ്ചായത്തിൽ ബി.ജെ.പി.ക്ക് ലഭിച്ച രണ്ട് സ്ഥിരംസമിതി അധ്യക്ഷസ്ഥാനം വ്യാഴാഴ്ചയ്ക്കുള്ളിൽ രാജിവെച്ചില്ലെങ്കിൽ കൂടുതൽ പ്രതിഷേധവുമായി മുന്നിട്ടിറങ്ങുമെന്ന് പ്രവർത്തകനായ കെ. വിനോദൻ പറഞ്ഞു.

കുമ്പള പഞ്ചായത്തിലെ സ്ഥിരംസമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ സി.പി.എം.-ബി.ജെ.പി. ഒത്തുകളി നടന്നെന്നാണ്‌ ആരോപണം. സംസ്ഥാന പ്രസിഡന്റ്‌ നേരിട്ടെത്തി പ്രശ്നം ചർച്ച ചെയ്യണം. നേതൃത്വം അതിന് തയ്യാറായില്ലെങ്കിൽ പ്രതിഷേധം ബൂത്തുതലങ്ങളിലേക്കും സ്ഥിരംസമിതി അധ്യക്ഷന്മാരുടെ വീടുകളിലേക്കും വ്യാപിപ്പിക്കുമെന്നും പ്രവർത്തകർ മുന്നറിയിപ്പ്‌ നൽകി. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ജില്ലയിലെ ഒരു പരിപാടിയിലേക്കും സംസ്ഥാനനേതാക്കളെ പ്രവേശിപ്പിക്കില്ലെന്നും ഇവർ പറഞ്ഞു.

പ്രശ്നം മുൻപേ സംസ്ഥാന പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണെന്നും എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പിന്നീട് ചർച്ച ചെയ്യാമെന്നായിരുന്നു തീരുമാനമെന്നും പ്രതിഷേധക്കാരിലൊരാൾ പറഞ്ഞു. എന്നാൽ ഇതുസംബന്ധിച്ച് സംസ്ഥാന പ്രസിഡന്റിനെ വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. പ്രവർത്തകനെ വധിച്ച കേസിൽ പ്രതിയായ സി.പി.എം. അംഗം കൊഗ്ഗു ബി.ജെ.പി. പിന്തുണയോടെ സ്ഥിരംസമിതി അധ്യക്ഷനായി തുടരുന്നതിനെയാണ് ബി.ജെ.പി. പ്രവർത്തകർ എതിർത്തത്. കൊഗ്ഗുവിന്റെ ശിക്ഷ ഹൈക്കോടതി ശരിവെച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്.

അക്രമത്തിനിരയായി കൊല്ലപ്പെട്ട വിനുവിന്റെയും ദയാനന്ദയുടെയും ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങിയ പാർട്ടിപ്രവർത്തകരാണ് ഓഫീസിന് മുന്നിൽ സമരവുമായെത്തിയത്.

ആരുടെയും രാജിക്കത്ത് കിട്ടിയിട്ടില്ല- ജില്ലാ പ്രസിഡന്റ്

: ജില്ലാ കമ്മിറ്റിയിലെ ഭാരവാഹികളുടെ ആരുടെയും രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത് കോർ കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്തശേഷമേ തീരുമാനമെടുക്കാൻ സാധിക്കൂ. നിലവിൽ പാർട്ടിയുടെ ബൂത്ത് സമ്മേളനങ്ങൾ നടക്കുകയാണ്. ഇതിനുശേഷം കോർ കമ്മിറ്റി ചേരും. ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ചവരിൽ പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹികളാരുമില്ല. എന്നാൽ അവർ ബി.ജെ.പി. അനുയായികളാണെന്നത് നിഷേധിക്കുന്നില്ല. കുമ്പളയിലെ വിഷയം ജില്ലാ കമ്മിറ്റി ചർച്ച ചെയ്യും. സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് അന്തിമതീരുമാനത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..