വൈദ്യുതി നിരക്ക് വർധന; ആശങ്കയിൽ വ്യവസായികൾ


കൊച്ചി: വൈദ്യുതി ബോർഡിന്റെ വരുമാനം കൂട്ടാൻ നിരക്കുവർധനയിലൂടെ ഉപഭോക്താക്കളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കാനുള്ള ശ്രമം ബാധ്യതയാകുമോ എന്ന് വ്യവസായികൾ ആശങ്കയിൽ. കോവിഡിന്റെ മൂന്ന് തരംഗങ്ങളും കഴിഞ്ഞ് സാമ്പത്തികമായി നില മെച്ചപ്പെടുത്താൻ ബുദ്ധിമുട്ടുന്ന വ്യവസായമേഖലയെ സംബന്ധിച്ച് വൈദ്യുതി നിരക്കുവർധന വലിയ തിരിച്ചടിയാകും. ഇനിയും നിരക്ക് കൂടിയാൽ പ്രത്യേകിച്ചും ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് വലിയ ബാധ്യതയുണ്ടാക്കുമെന്ന് വ്യവസായികൾ പറയുന്നു.

പകൽ നിരക്ക് കുറച്ചാൽ ഗുണം ചെയ്യുമോ...?

രാത്രിയിലെ ഉപഭോഗത്തിനുള്ള വൈദ്യുതി നിരക്ക് വർധിപ്പിച്ച് പകൽ സമയത്തെ നിരക്ക് കുറയ്ക്കുന്ന കാര്യവും സർക്കാർ പരിഗണനയിലുണ്ട്. ഇത് ഗാർഹിക ഉപഭോക്താക്കൾക്ക് ഗുണംചെയ്യുമെങ്കിലും രാത്രിയിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്ക് ഈ നീക്കം അധികബാധ്യത വരുത്തും. ഷിഫ്റ്റ് അനുസരിച്ച് 24 മണിക്കൂർ പ്രവർത്തിക്കുന്ന ഉത്പാദന-ഭക്ഷ്യസംസ്കരണ മേഖലകളിലെ യൂണിറ്റുകൾക്കും രാത്രി പ്രവർത്തനം സജീവമാകുന്ന പത്രമാധ്യമ കമ്പനികൾക്കും ഇത് തിരിച്ചടിയായേക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.) കേരള ചെയർമാൻ ശ്രീനാഥ് വിഷ്ണു പറഞ്ഞു.

നിലവിൽ മിക്ക യൂണിറ്റുകളും ഉപഭോഗം ഏറ്റവും കൂടിയ സമയത്തിൽ അത്യാവശ്യ മെഷീനുകൾമാത്രം പ്രവർത്തിപ്പിച്ച് തിരക്ക് കുറഞ്ഞ സമയങ്ങളിൽ ബാക്കിയുള്ളവ പ്രവർത്തിപ്പിക്കാനുമാണ് ശ്രദ്ധിക്കുന്നത്. 24 മണിക്കൂർ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ഇത് സാധ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പകൽ സമയത്തെ നിരക്ക് കുറയ്ക്കുന്നത് എം.എസ്.ഇ.കൾക്ക് ഗുണം ചെയ്യുമെന്ന് സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ (കെ.എസ്.എസ്.ഐ.എ.) പ്രസിഡന്റ് എം. ഖാലിദും പറയുന്നു. എന്നാൽ, വ്യവസായങ്ങൾക്ക് കൂടുതൽ നിരക്ക് ഏർപ്പെടുത്തി കാർഷിക, ഗാർഹിക ഉപഭോഗത്തിന് നിരക്ക് കുറയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായസൗഹൃദ നയത്തിന് വിരുദ്ധം

നിരക്ക് വർധന കേരളത്തിന്റെ വ്യാവസായിക സൗഹൃദ നയങ്ങൾക്ക് വിരുദ്ധമാണെന്ന് കേരള ഹൈടെൻഷൻ ആൻഡ് എക്‌സ്ട്രാ ഹൈടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്‌ട്രിസിറ്റി കൺസ്യൂമേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എ.ആർ. സതീഷ് പറയുന്നു.

യൂണിറ്റ് നിരക്ക് വർധന 2022-23ൽ ഇങ്ങനെ (രൂപയിൽ)

വിഭാഗം ഇപ്പോഴത്തെ നിരക്ക് നിർദേശിക്കുന്ന വർധന

ഗാർഹികം 4.79 5.67

എൽ.ടി. (ലോ ടെൻഷൻ) ലോവർ 7.40 8.28

എൽ.ടി. വാണിജ്യം 10.17 11.55

എച്ച്.ടി. (ഹൈ ടെൻഷൻ) വാണിജ്യം 9.45 10.6

എച്ച്.ടി. ഗാർഹികം 7.86 8.59

മറ്റ് ലൈസൻസികൾ (കൊച്ചി തുറമുഖ ട്രസ്റ്റ്, സെസ്, ഇൻഫോപാർക്ക് എന്നിവ അടക്കം 9 എണ്ണം) 6.39 7.10

ഇ.എച്ച്.ടി. (എക്‌സ്ട്രാ ഹൈടെൻഷൻ)- വൻകിട വ്യവസായങ്ങൾ

66 കെ.വി. 6.15 6.79

110 കെ.വി. 5.85 6.46

220 കെ.വി. 6.18 6.91

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..