പാലാ: വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് വീണ്ടും വിവാഹംകഴിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്തയാൾ പിടിയിൽ. പാലാ പോണാട് കരിങ്ങാട്ട് രാജേഷ് (49) ആണ് പിടിയിലായത്.
വിദേശജോലി വാഗ്ദാനംചെയ്ത് വഞ്ചിച്ചതിന് പ്രതിക്കെതിരേ കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി നിരവധി കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.
കണ്ണൂർ സ്വദേശിയായ രാജേഷ് 2007-ൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ തട്ടിപ്പുനടത്തി ഭാര്യയുമായി എറണാകുളത്തേക്ക് താമസംമാറ്റി. അവിടെയും കേസുകളിൽപ്പെട്ടതിനെത്തുടർന്ന് 2012-ൽ പാലായിലെത്തി കരൂരിൽ ചിട്ടിക്കമ്പനി തുടങ്ങി.
പൈക സ്വദേശിനിയായ യുവതി 2020 ജൂലൈയിൽ പ്രതിയുടെ സ്ഥാപനത്തിൽ ജോലിക്കെത്തി. തന്റെ മാതാപിതാക്കൾ മരിച്ചുപോയെന്നും വിവാഹമോചിതനാണെന്നും ഇയാൾ യുവതിയോട് പറഞ്ഞു. 2021 ഓഗസ്റ്റ് 17-ന് യുവതിയെ വിവാഹം ചെയ്തു.
കുറ്റില്ലത്തെ വാടകവീട്ടിൽ താമസവും തുടങ്ങി. യുവതിയുടെ സഹോദരന് കുടുംബ ഓഹരി നൽകുന്നതിന്, രാജേഷിന്റെ നിർദേശപ്രകാരം യുവതിയുടെ അമ്മയുടെ പേരിലുള്ള സ്ഥലം പണയപ്പെടുത്താൻ തീരുമാനിച്ചു. അമ്മയുമായി കെ.എസ്.എഫ്.ഇ. ശാഖയിലെത്തിയ രാജേഷ് തനിക്കുണ്ടായിരുന്ന ചിട്ടിയുടെ ജാമ്യപേപ്പറിൽ യുവതിയുടെ അമ്മയുടെ ഒപ്പ് വാങ്ങിച്ച് അവരുടെ ആധാരം പണയംനൽകി. 20 ലക്ഷംരൂപ തന്റെ അക്കൗണ്ടിലേക്ക് മാറ്റിയെടുക്കുകയും ചെയ്തു.
തുടർന്ന് പ്രതി, ആദ്യഭാര്യയ്ക്കും 18 വയസ്സുള്ള മകൾക്കുമൊപ്പം പാലായിലെ വാടകവീട്ടിലേക്ക് താമസംമാറ്റി. വഞ്ചന മനസ്സിലാക്കിയ യുവതി, ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തപ്പോൾ ഒളിവിൽപോയ പ്രതിയെ കൂവപ്പള്ളിയിൽനിന്നാണ് പാലാ എസ്.എച്ച്.ഒ. കെ.പി.തോംസൺ, എസ്.ഐ. അഭിലാഷ്, പോലീസുകാരായ ഷാജി എ.റ്റി., ബിജു കെ.തോമസ്, ഷെറിൻ സ്റ്റീഫൻ, സി.രഞ്ജിത്ത് എന്നിവർ ചേർന്ന് പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..