ദീപുവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത 1000 പേർക്കെതിരേ കേസ്


കൊച്ചി: ശനിയാഴ്ച നടന്ന ദീപുവിന്റെ സംസ്‌കാര ചടങ്ങുകളിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്നതിന്റെ പേരിൽ 1,000 പേർക്കെതിരേ പോലീസ് കേസെടുത്തു. ട്വന്റി-20 ചീഫ് കോ-ഓഡിനേറ്റർ സാബു എം. ജേക്കബ് ഉൾപ്പെടെ 29 പേരുടെ പേരിലും കേസെടുത്തതായി കുന്നത്തുനാട് പോലീസ് സി.ഐ കെ.ടി. ഷാജൻ പറഞ്ഞു. മറ്റുള്ളവരെ ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്തും.

ദീപുവിന്റെ സംസ്കാരച്ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തണമെന്നാവശ്യപ്പെട്ട് ട്വന്റി 20-ക്ക്‌ നോട്ടീസ് നൽകിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ചടങ്ങുകൾക്ക് നേതൃത്വം നൽകിയവർ എന്ന നിലയിലാണ് സാബു എം. ജേക്കബ് ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുത്തത്.

അതേസമയം, 1,000 പേർക്കെതിരേ കേസെടുത്തതിൽ ഭയക്കുന്നില്ലെന്ന് ട്വന്റി-20 ഭാരവാഹികൾ പറഞ്ഞു. മൃതദേഹം പോലീസിന്റെ അകമ്പടിയോടെയാണ് വിലാപയാത്ര നടത്തി കിഴക്കമ്പലത്തും തുടർന്ന്‌ ശ്മശാനത്തിലും എത്തിച്ചിട്ടുള്ളത്.

മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിക്കാൻ കൊൺഗ്രസിന്റെയും ബി.ജെ.പി. യുടെയും സമുന്നത നേതാക്കളും എത്തിയിരുന്നു. എന്തുകൊണ്ടാണ് അവർക്കെതിരേയൊന്നും കേസെടുക്കാത്തത്. സമീപകാലത്ത് പാർട്ടി സമ്മേളനങ്ങളിലും മറ്റു ചടങ്ങുകളിലും ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. എന്നാൽ, അവർക്കെതിരേയും കേസൊന്നും എടുത്തിട്ടില്ല. ഇതിനെല്ലാം പിന്നിൽ രാഷ്ട്രീയ ഇടപെടലാണ്‌ -ട്വന്റി-20 ആരോപിച്ചു.

മൃതദേഹപരിശോധനാ ഫലം അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം

കിഴക്കമ്പലം: ദീപുവിന്റെ മൃതദേഹപരിശോധനാ ഫലം അട്ടിമറിക്കാൻ നീക്കമെന്ന് ട്വന്റി-20 ഭാരവാഹികൾ ആരോപിച്ചു. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമികഫലം വന്നിട്ടുള്ളത്. ഇത് അട്ടിമറിക്കാൻ രാഷ്ട്രീയ ഇടപെടൽ നടക്കുന്നതായി വിവരമുണ്ട്. പ്രതികളായ പാർട്ടി പ്രവർത്തകരെ സംരക്ഷിക്കാനാണ് സി.പി.എം. ശ്രമമെന്നും ട്വന്റി-20 ആരോപിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..