പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ: സി.എ.ജിക്ക്‌ നിരീക്ഷിക്കാം


തിരുവനന്തപുരം: പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്ന കാര്യത്തിൽ സി.എ.ജി.ക്കും അഭിപ്രായമറിയിക്കാം. കേരളത്തിൽമാത്രമുള്ള സമ്പ്രദായം നിയമിവിരുദ്ധമാണെന്ന് ഗവർണർ സി.എ.ജിയെ അറിയിച്ചിട്ടുണ്ട്. ഇത്തരം പെൻഷൻ ചെലവ് ദുർവ്യയമാണോയെന്ന് സി.എ.ജിക്ക് നിരീക്ഷിക്കാം. ആ നിരീക്ഷണം എന്തായാലും പെൻഷൻ നിർത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. കിഫ്ബിയെ സംബന്ധിച്ച സി.എ.ജി. നിരീക്ഷണങ്ങൾ തള്ളിക്കളഞ്ഞ ചരിത്രം കേരള നിയമസഭയ്ക്കുണ്ട്.

പെൻഷൻ നിർത്തലാക്കുമെന്ന് നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായി ഗവർണർതന്നെ വെളിപ്പെടുത്തിയിരുന്നു. അതിന് സർക്കാർ തയ്യാറായില്ല. എന്നിട്ടും ഗവർണർ നയപ്രഖ്യാപനത്തിന് തയ്യാറായി. ഇത് ഗവർണറുടെ അധികാര പരിമിതിയെയാണ് കാണിക്കുന്നത്.

പേഴ്‌സണൽ പെൻഷൻ കോടതി കയറുമോ?

ആരെങ്കിലും കോടതിയെ സമീപിച്ചാൽ ഈ പെൻഷന്റെ നിയമസാധുത ചോദ്യം ചെയ്യപ്പെടാം എന്ന ആശങ്ക സർക്കാരിനുമുണ്ട്. എല്ലാ രാഷ്ട്രീയകക്ഷികൾക്കും ഈ പെൻഷൻ രീതിയോട് യോജിപ്പുണ്ട്. അതിനാലാണ് ഇതുവരെ ചോദ്യം ചെയ്യപ്പെടാതിരുന്നത്.

പെൻഷന് രണ്ടുവർഷം കഴിഞ്ഞാൽ മതി

അഞ്ചുവർഷത്തേക്കാണ് സ്റ്റാഫിനെ നിയമിക്കുന്നതെന്നും രണ്ടുവർഷം കഴിഞ്ഞവർക്ക് പെൻഷൻ നൽകുന്നുവെന്നത് തെറ്റിദ്ധാരണയാണെന്നുമാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. ഈ വാദവും ശരിയല്ല. 1994 സെപ്റ്റംബർ 23-ന് ഇറങ്ങിയ പേഴ്‌സണൽ സ്റ്റാഫിന്റെ പെൻഷൻ സംബന്ധിച്ച വിജ്ഞാപനത്തിൽ മൂന്നുവർഷമാണ് പെൻഷൻ യോഗ്യതയ്ക്കുള്ള സേവന കാലാവധി. എന്നാൽ മിനിമം സേവന കാലാവധി കണക്കാക്കാൻ വീണ്ടും ഇളവ് നൽകിയിട്ടുണ്ട്. രണ്ടുവർഷവും ആറുമാസത്തിൽത്താഴെയായാൽപോലും മൂന്നുവർഷമായി കണക്കാക്കും. അതായത് രണ്ടുവർഷം കഴിഞ്ഞാൽ മിനിമം പെൻഷന് അർഹത നേടും. ഈ പഴുത് ഉപയോഗിച്ചാണ് പല മന്ത്രിമാരും പല തസ്തികകളിലും ഒരു ഭരണകാലത്ത് ഊഴംവെച്ച് രണ്ടുപേരെ വീതം നിയമിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..